മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ കണ്ടെത്താനായില്ല, വെളിച്ചക്കുറവ് മൂലം ഫയർ ഫോഴ്‌സ് തെരച്ചിൽ അവസാനിപ്പിച്ചു.


മണിമല: മണിമല വലിയ പാലത്തിൽ നിന്നും മണിമലയാറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറെ രാത്രി വൈകിയും കണ്ടെത്താനായില്ല. ചങ്ങനാശ്ശേരി താലൂക്ക് സ്‌പേസിൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ പ്രകാശ് എൻ ആണ് മണിമലയാറ്റിൽ ചാടിയത്. ഇന്ന് രാവിലെ മണിമല വലിയ പാലത്തിൽ നിന്നുമായി ഇയാൾ ആറ്റിലേക്ക് ചാടിയത്.

പാലത്തിനു മുകളിൽ ഊരി വെച്ചിരുന്ന നിലയിൽ ഇയാളുടെ ബാഗും ഷൂസും കണ്ടെത്തിയിരുന്നു. ബാഗിൽ നിന്നും ലഭിച്ച ഐഡി കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. മുൻപ് കോവിഡ് സ്ഥിരീകരിക്കുകയും ഭേതമാകുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് മാനസിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നതായാണ് വിവരങ്ങൾ. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ആറ്റിലേക്ക് ഇയാൾ ചാടുന്നത് കണ്ട ഇതര സംസ്ഥാന തൊഴിലാളിയായ യാനാസ് ആറ്റിലേക്ക് ചാടിയെങ്കിലും രക്ഷിക്കാനായില്ല.

ഒന്ന് രണ്ടു തവണ പ്രകാശിന്റെ കയ്യിൽ പിടുത്തമിട്ടെങ്കിലും വീണ്ടും ആറ്റിലേക്ക് ശക്തിയോടെ പോകുകയായിരുന്നു എന്ന് ആസാം സ്വദേശിയായ യാനാസ് പറഞ്ഞു. മണിമല പോലീസും ഫയർ ഫോഴ്സും സംയുക്തമായി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. രാത്രി വൈകിയതോടെ വെളിച്ചക്കുറവായതിനാൽ ഫയർ ഫോഴ്‌സ് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. നാളെ തെരച്ചിൽ പുനരാരംഭിക്കുമെന്നും സ്‌കൂബാ ടീം അംഗങ്ങൾ പറഞ്ഞു. മണിമല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.