മണിമലയിൽ എസ്‌ഐയക്ക് വെട്ടേറ്റു, ഗുരുതര പരിക്കേറ്റ എസ്ഐ യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് വി എൻ വാസവൻ.


മണിമല: വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ മണിമല എസ് ഐ ക്ക് വെട്ടേറ്റു. മണിമല വെള്ളാവൂർ ചുവട്ടടിപ്പാറയിൽ വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ മണിമല എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയായ അജിത്തിനെ അറസ്റ്റു ചെയ്യുന്നതിനായി രാവിലെ 7 മണിയോടെ എത്തിയതായിരുന്നു പോലീസ്.

പ്രതിയുടെ പിതാവ് പ്രസാദാണ് എസ് ഐ യെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ് ഐ യുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

മാസങ്ങൾക്ക് മുൻപുണ്ടായ കേസിലെ പ്രതിയായ അജിത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ വീട്ടിലെത്തിയതറിഞ്ഞു പിടികൂടാനെത്തിയതായിരുന്നു പോലീസ്. പ്രതിയെ അറസ്റ്റു ചെയ്തു പുറത്തേക്കിറങ്ങുമ്പോഴാണ് പിതാവ് എസ് ഐ യെ വെട്ടിപ്പരിക്കേൽപ്പിച്ചത്. അജിത്തിനെയും പിതാവ് പ്രസാദിനെയും പോലീസ് കീഴടക്കി.