മുണ്ടക്കയം: മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും മദ്യം കടത്തിയ സംഭവത്തിൽ എക്സൈസ് സംഘത്തിന്റെയും ബെവ്കോ അധികൃതരുടെയും പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ലോക്ക് ഡൗണിന്റെ മറവിൽ രണ്ടായിരത്തിലധികം ലിറ്റർ മദ്യം പലപ്പോഴായി കടത്തിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും രാത്രിയുടെ മറവിൽ മദ്യം കടത്തുന്നതായി പരാതിയെ തുടർന്ന് ഔട്ട്ലെറ്റ് എക്സൈസ് സീൽ ചെയ്തിരുന്നു. റബ്ബർ തോട്ടത്തിനകത്തു പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിൽ നിന്നും രാത്രിയിലാണ് മദ്യം കടത്തിയിരുന്നത്. 10 ലക്ഷത്തിലധികം രൂപയുടെ മദ്യത്തിന്റെ കുറവാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത് എന്നാണു വിവരം.
വിതരണ കേന്ദ്രത്തിൽ നിന്നും ഔട്ട്ലെറ്റിലേക്ക് എത്തിച്ച സ്റ്റോക്കിന്റെ കണക്കുകൾ പരിശോധിച്ചാൽ മാത്രമേ എത്ര രൂപയുടെ ക്രമക്കേട് നടന്നു എന്ന് കണ്ടെത്താനാകു. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്യുകയും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തു. സമാന ക്രമക്കേടുകൾ മറ്റു ബെവ്കോ ഔട്ട്ലെറ്റുകളിലും നടന്നട്ടുണ്ടോ എന്ന് ബെവ്കോ ഓഡിറ്റ് വിഭാഗം പരിശോധിക്കും.