അക്കൗണ്ടിൽ നിന്നു 5.08 ലക്ഷം രൂപ സഹോദരി കൈക്കലാക്കി, ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി രാജപ്പൻ.


കുമരകം: ബാങ്ക് അക്കൗണ്ടിൽ നിന്നു 5.08 ലക്ഷം രൂപ സഹോദരി പിൻവലിച്ചതായി കാണിച്ചു പ്രധാനമന്ത്രിയുടെ അഭിനന്ദനവും തായ്‌വാൻ സർക്കാരിന്റെ അവാർഡും ലഭിച്ച എൻ എസ് രാജപ്പൻ ജില്ലാ പോലീസ് മേധാവി ഡി.ശിൽപയ്ക്ക് പരാതി നൽകി. സഹോദരി വിലാസിനി തന്റെ അക്കൗണ്ടിലെ പണം എടുത്തതായാണ് പരാതി.

ജോയിന്റ് അക്കൗണ്ടയിരുന്നു ഇതെന്നും ഇദ്ദേഹം പറയുന്നു. രാജപ്പന് ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വെച്ചിരിക്കുകയാണെന്നും രാജപ്പൻ പറയുന്നു. പണം എടുത്തത് രാജപ്പന് വീട് വച്ച് നൽകാനാണെന്നാണ് സഹോദരിയുടെ വാദം. 6 മാസങ്ങൾക്ക് മുൻപാണ് പണം പിൻവലിച്ചിരിക്കുന്നത്. ബുധനാഴ്ച്ചയാണ് രാജപ്പൻ ഇക്കാര്യം അറിയുന്നത്. എന്നാൽ ലോക്ക് ഡൗൺ ആയതിനാലാണ് വീട് വയ്ക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും കാലതാമസം നേരിട്ടതെന്നും സഹോദരി പറയുന്നു.

കാലുകൾ തളർന്ന രാജപ്പൻ വള്ളത്തിൽ വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ചു വിൽപ്പന നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ അവസ്ഥ പുറംലോകം അറിഞ്ഞതോടെ നിരവധിപ്പേരാണ് സഹായഹസ്തവുമായി എത്തിയത്. ലഭിച്ച പണമെല്ലാം ബാങ്ക് അക്കൗണ്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്.