ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കും; ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന പറഞ്ഞു. കോട്ടയം ജില്ലയില്‍ നിലവില്‍ സ്വന്തമായി സംവിധാനങ്ങളില്ലാത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

സന്നദ്ധ സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിലാകും ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കുക. ജില്ലയിലെ 364 വായനശാലകൾ പൊതുപഠന കേന്ദ്രമായി പ്രവർത്തിക്കും.  കോട്ടയം ജില്ലയിൽ മാത്രം ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതെ 3553 കുട്ടികൾ ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചതാണ് ഈ വിവരങ്ങൾ. രണ്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാകാത്ത വിദ്യാർത്ഥികളുടെ മാത്രം കണക്കാണ് ഇത്.

കഴിഞ്ഞ വർഷം 4319 കുട്ടികളായിരുന്നു അധ്യയന വർഷാരംഭം ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമാകാതെ ബുദ്ധിമുട്ടിയത്. ജില്ലാ കളക്ടറുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഇവർക്ക് പഠന സൗകര്യങ്ങൾ ലഭ്യമാക്കിയിരുന്നു. ജില്ലയിൽ ഇത്രയും കുട്ടികൾക്ക് ഓൺലൈൻ പഠന ക്ലാസ്സുകളിൽ സംബന്ധിക്കുന്നതിനു ആവശ്യമായ ടിവിയോ മൊബൈൽ സംവിധാനങ്ങളോ ഇല്ല എന്നുള്ളതാണ് വസ്തുത. നിരവധി വിദ്യാർത്ഥികൾക്ക് സന്നദ്ധ സംഘടനകളുടെയും മറ്റു സുമനസ്സുകളുടെയും നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ ലഭ്യമാക്കുന്നുണ്ട്.

വൈക്കത്ത് എംഎൽഎ യുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ ചലഞ്ചിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലയിൽ ഓൺലൈൻ പഠന സംവിധാനങ്ങൾ ലഭ്യമാകാത്തവരെ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെ കണ്ടെത്തും. ക്ലാസ്സുകൾ തടസ്സമില്ലാതെ ലഭിക്കുന്നത് മൊബൈൽ നെറ്റവർക്ക് കമ്പനികളോട് നടപടി സ്വീകരിക്കാൻ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.