ഇ-ലേൺ ചലഞ്ച്: പദ്ധതിയുടെ ആദ്യ ഘട്ട ഉത്ഘാടനം നാളെ, സ്കൂളുകൾ മുഖേന വിതരണം ചെയ്യുന്നത് 50 ഫോണുകൾ.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ ഓൺലൈൻ വിദ്യാഭ്യാസം സമഗ്രമായി നടപ്പിലക്കുന്നതിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ ഇ-ലേൺ ചലഞ്ച് പദ്ധതിയുടെ ആദ്യ ഘട്ട ഉത്ഘാടനം നാളെ നടക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു.

നാളെ മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് രാവിലെ 11 മണിക്കാണ് ചടങ്ങു നടക്കുന്നത്. വിപണിയിൽ 7000 രൂപ വിലയുള്ള 50 ഫോണുകളാണ് ആദ്യഘട്ടത്തിൽ സ്കൂളുകൾ മുഖേന വിതരണം ചെയ്യുന്നത്. പൊതുജനങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് എന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.

തുടർന്നുള്ള ഘട്ടങ്ങളിൽ മൊബൈൽ ഫോൺ ഇല്ലാതെ പഠനത്തിന് ബുദ്ധിമുട്ടുന്ന എല്ലാ വിദ്യാർഥികൾക്കും മൊബൈൽ ഫോൺ വിതരണം ചെയ്യുവാനാണ്  ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം ഫോണിനുള്ള തുക ഇ- ലേൺ ചലഞ്ചിനായി കൈമാറി എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ തിങ്കളാഴ്ച്ച നിർവ്വഹിച്ചിരുന്നു.