പാലാ ജനറൽ ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചു.


പാലാ: പാലാ ജനറൽ ആശുപത്രിയിൽ പി.എം കെയര്‍ മുഖേന ലഭ്യമാക്കിയ ഓക്സിജന്‍ പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചു. ജൂണ്‍ എട്ടിന് എത്തിച്ച പ്ലാന്‍റ് സ്ഥാപിക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. അടുത്തയിടെ കോവിഡ് ആശുപത്രിയാക്കി മാറ്റിയ ഇവിടുത്തെ ചികിത്സാ ആവശ്യങ്ങള്‍ക്കായി പുറത്തുനിന്ന് ഓക്സിജന്‍ കൊണ്ടുവരേണ്ട സാഹചര്യം ഇതോടെ ഒഴിവാകുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.

ഒരു മിനിറ്റിൽ 1000 ലിറ്റർ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്‍റില്‍നിന്ന് 150 രോഗികൾക്കുവരെ ഒരേ സമയം ഗുണനിലവാരമുള്ള ഓക്സിജൻ ലഭ്യമാക്കാനാവും. ആശുപത്രിയില്‍ കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം നേരത്തെ സജ്ജമാക്കിയിരുന്നതിനാൽ ഈ പ്ലാന്‍റില്‍ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ പൈപ്പിലൂടെ ഓരോ രോഗിയുടെയും കിടക്കയുടെ സമീപം എത്തിക്കാനാകും. പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി നാലു ജീവനക്കാരെ നിയമിച്ചു. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് ജനറേറ്ററുണ്ട്. നിലവില്‍ കോവിഡ് രോഗികളുടെ ചികിത്സക്ക് മാത്രമാണ് പ്ലാന്‍റില്‍നിന്നുള്ള ഓക്സിജന്‍ ഉപയോഗിക്കുന്നത്.

ക്രമേണ ഐ.സി. യു, കാൻസർ വാര്‍ഡ്, ശാസ്ത്രക്രിയാനന്തര പരിചരണ വിഭാഗം എന്നിവിടങ്ങളിലും ഇവിടെനിന്നും ഓക്സിജന്‍ ലഭ്യമാക്കാനാകും. കോട്ടയം ജില്ലയില്‍ പി.എം കെയറിൽ നിന്ന് ലഭിച്ച രണ്ടാമത്തെ ഓക്സിജൻ പ്ലാന്‍റാണ് പാലയിലേത്. 2000 ലിറ്റർ ശേഷിയുള്ള ആദ്യ പ്ലാന്‍റ് കോട്ടയം മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിരുന്നു. 1000 ലിറ്റർ ശേഷിയുള്ള മൂന്നാമത്തെ പ്ലാന്‍റ് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇത് ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും.