മുംബൈയില്‍ പാലാ സ്വദേശിനിയായ യുവതി ആറ് വയസ്സുകാരനായ മകനൊപ്പം കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റു ചെയ്തു.


കോട്ടയം: മുംബൈയില്‍ പാലാ സ്വദേശിനിയായ യുവതി ആറ് വയസ്സുകാരനായ മകനൊപ്പം കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റു ചെയ്തു. മുംബൈ ചാന്ദ്‌വാലി നഹര്‍ അമൃത് ശക്തി കോംപ്ലക്‌സിലെ താമസക്കാരിയും പാലാ രാമപുരം മരങ്ങാട് ആനിക്കുഴിക്കാട്ടിൽ കെ എം മാത്യു-ലീലാമ്മ ദമ്പതികളുടെ മകളുമായ രേഷ്മ മാത്യു (43), മകന്‍ ഗരുഡ് (6) എന്നിവരാണ് താമസിക്കുന്ന ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച്ച രാവിലെയാണ് ഇരുവരെയും ഫ്ലാറ്റിന്റെ കോമ്പൗണ്ടില്‍ ഇരുവരും മരിച്ച നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. ഭർത്താവ് ശരത് മുലുക്തലയും ഭർതൃ മാതാപിതാക്കളും കോവിഡ് ബാധിച്ചു മരണമടഞ്ഞിരുന്നു. ഇതേത്തുടർന്ന് വിഷാദത്തിലായിരുന്നു രേഷ്മ. രേഷ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ അയൽവാസിയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

രേഷ്മയുടെ മകൻ ചാടിക്കളിക്കുന്നതും ബഹളം വെക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ചു അയൽവാസികൾ നിരന്തരം പരാതികൾ ഉന്നയിക്കുകയും അയൽക്കാർ  ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും സൂചിപ്പിച്ചുള്ള കുറിപ്പാണു പൊലീസിന് ലഭിച്ചിരിക്കുന്നത്. കുട്ടി ഫലം വെയ്ക്കുന്നത് ശല്യമായി ചൂണ്ടിക്കാട്ടി അയൽവാസി ഫ്ലാറ്റ് അസോസിയേഷനിലും പോലീസിലും പരാതി നൽകുകയും ഒരു തവണ പോലീസ് ഇക്കാര്യങ്ങൾ അന്വേഷിക്കാനായി ഫ്ലാറ്റിലെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അയൽവാസിയായ 33 കാരനെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളുടെ മാതാപിതാക്കൾക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

മുംബയിൽ നിന്നും വാരാണാസിയിലെത്തിയ രേഷ്മയുടെ ഭർതൃ മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഭർത്താവ് ഇവരെ കാണുന്നതിനായി വാരാണാസിയിലേക്ക് പോയതും തുടർന്ന് ഭർത്താവ് കോവിഡ് ബാധിതനാകുന്നതും. മാതാപിതാക്കൾ മരിച്ചതിനു പിന്നാലെയാണ് ശരത്തും കോവിഡിന് കീഴടങ്ങി മരണമടഞ്ഞത്. ഭർത്താവിനെ അവസാനമായി കാണാനോ അന്ത്യ കർമ്മങ്ങൾ ചെയ്യാനോ രേഷ്മയ്ക്ക് സാധിച്ചിരുന്നില്ല. ഇത് രേഷ്മയെ മനോവിഷമത്തിലാക്കിയിരുന്നു.

ഭർത്താവിന്റെ മരണത്തെത്തുടർന്ന് രേഷ്മ സമൂഹമാധ്യമങ്ങളിൽ വികാരനിർഭരമായ കുറിപ്പുകൾ പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് ശരത് മെയ് 27 നാണു കോവിഡ് ബാധിച്ചു മരണമടഞ്ഞത്. അമേരിക്കയിലുള്ള രേഷ്മയുടെ സഹോദരൻ വെള്ളിയാഴ്ച്ച മുംബയിൽ എത്തും. സഹോദരൻ എത്തിയ ശേഷമായിരിക്കും രേഷ്മയുടെയും കുഞ്ഞിന്റെയും സംസ്കാരം നടത്തുക.