എരുമേലി: എരുമേലി വെച്ചൂച്ചിറ പെരുന്തേനരുവിയിൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിനെ കണ്ടെത്താൻ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടവും. ഇന്നലെ വൈകിട്ട് 6 മണിയോടെ പെരുന്തേനരുവിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ പൊൻകുന്നം സ്വദേശിയായ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതാകുകയായിരുന്നു.
പൊൻകുന്നം ചിറക്കടവ് തുറവതുക്കൽ സാജന്റെ മകൻ എബിയെ(21)യാണ് വെള്ളച്ചാട്ടത്തിൽ വീണു കാണാതായത്. പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെയും പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെയും നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം പ്രവർത്തകർ തിരച്ചിലിനായി ഉടൻ പുറപ്പെടും. ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. കുടുംബാംഗങ്ങൾക്കൊപ്പം എരുമേലി ചാത്തൻതറയിലുള്ള ബന്ധുവിന്റെ മൃതസംസ്കാര ചടങ്ങുകൾക്ക് പോയി വരും വഴി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു എബി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയതിനാലും വെളിച്ചവും കുറവായതിനാലും തെരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. അഗ്നിരക്ഷാ സേന രാവിലെ തിരച്ചിൽ ആരംഭിച്ചു. നന്മക്കൂട്ടം പ്രസിഡന്റ് അഷ്റഫ്കുട്ടിയുടെ നേതൃത്വത്തിൽ 4 വാഹനങ്ങളിലായി 17 അംഗങ്ങളടങ്ങുന്ന സംഘമാണ് പെരുന്തേനരുവിയിലേക്ക് തിരിച്ചിരിക്കുന്നത്. 67 അംഗങ്ങളുടെ ഒരു സംഘടനയാണ് നന്മക്കൂട്ടം. പലപ്പോഴും അടിയന്തിര ഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ടീം നന്മക്കൂട്ടത്തിന്റെ സേവനവും അധികാരികൾ ആവശ്യപ്പെടാറുണ്ട്.