പൊൻകുന്നം: പൊൻകുന്നം ഇളങ്ങുളത്ത് വീടിന്റെ രണ്ടാം നിലയിൽ വാറ്റു ചാരായ നിർമ്മാണം നടത്തുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന യുവാവ് എക്സൈസ് സംഘത്തെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പൊൻകുന്നം ഇളങ്ങുളം പൗർണ്ണമിയിൽ അശോക് കുമാറിന്റെ ഇരുനില വീട്ടിൽ നിന്നുമാണ് വാറ്റും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തത്.
കോട്ടയം ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ എ ആർ സുൽഫിക്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. ഇരുനില ആഡംബര വീടിനുള്ളിലാണ് വാറ്റു ചാരായം നിർമ്മിച്ചിരുന്നത്. ലിറ്ററിന് 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്. വീടിനുള്ളിൽ നിന്ന് 20 ലിറ്റർ വാറ്റു ചാരായവും 385 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിലായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.