വെച്ചൂച്ചിറ: പെരുന്തേനരുവിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ പൊൻകുന്നം സ്വദേശിയായ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. പൊൻകുന്നം ചിറക്കടവ് തുറവതുക്കൽ സാജന്റെ മകൻ എബിയെ(21)യാണ് വെള്ളച്ചാട്ടത്തിൽ വീണു കാണാതായത്.
കുടുംബാംഗങ്ങൾക്കൊപ്പം എരുമേലി ചാത്തൻതറയിലുള്ള ബന്ധുവിന്റെ മൃതസംസ്കാര ചടങ്ങുകൾക്ക് പോയി വരും വഴി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു എബി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം.
ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയതിനാലും വെളിച്ചവും കുറവായതിനാലും തെരച്ചിൽ നടത്താൻ സാധിച്ചിട്ടില്ല എന്നാണു ലഭ്യമായ വിവരം. നിരവധി മരണക്കയങ്ങളുള്ള സ്ഥലമാണ് പെരുന്തേനരുവി. മഴ ശക്തമായതിനാൽ ജലനിരപ്പ് ഉയർന്നു കിടക്കുകയാണ്.