പെരുന്തേനരുവി വെള്ളച്ചട്ടത്തിൽ വീണ പൊൻകുന്നം സ്വദേശിയായ യുവാവിനെ കണ്ടെത്താനായില്ല, തെരച്ചിൽ നാളെ തുടരും.


എരുമേലി: എരുമേലി വെച്ചൂച്ചിറ പെരുന്തേനരുവി വെള്ളച്ചട്ടത്തിൽ വീണ പൊൻകുന്നം സ്വദേശിയായ യുവാവിനെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പൊൻകുന്നം ചിറക്കടവ് തുറവതുക്കൽ സാജന്റെ മകൻ എബിയെ(21) വെള്ളത്തിൽ വീണു കാണാതാകുന്നത്.

എരുമേലി ചാത്തൻതറയിലുള്ള ബന്ധുവിന്റെ മൃതസംസ്കാര ചടങ്ങുകൾക്ക് പോയി വരും വഴി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു എബി. വെളിച്ചക്കുറവുള്ളതിനാൽ ഇന്നലെ തെരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ അഗ്നി രക്ഷാ സേന തെരച്ചിൽ ആരംഭിച്ചു. ഉച്ചയോടെ പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെയും പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെയും നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം പ്രവർത്തകർ തെരച്ചിലിൽ പങ്കാളികളായി.

എന്നാൽ വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നന്മക്കൂട്ടം പ്രസിഡന്റ് അഷ്റഫ്കുട്ടിയുടെ നേതൃത്വത്തിൽ 17 അംഗങ്ങളടങ്ങുന്ന സംഘമാണ് തെരച്ചിലിനായി എത്തിയത്. നാളെ രാവിലെ തെരച്ചിൽ പുനരാരംഭിക്കുമെന്നും നന്മക്കൂട്ടം പ്രവർത്തകർ പറഞ്ഞു.