സ്‌കൂളിലെ കളിചിരികളില്ലെങ്കിലും പൂഞ്ഞാർ ഗവ. എൽപി സ്കൂളിലെ കൊച്ചുകൂട്ടുകാർ ഹാപ്പിയാണ്, കൂട്ടുകാരെല്ലാം വീട്ടിലുണ്ട്.


പൂഞ്ഞാർ: സ്‌കൂൾ തുറക്കാത്തതും കൂട്ടുകാരെ കാണാൻ സാധിക്കാത്തതും അവർക്കൊപ്പം ഓടിക്കളിക്കാൻ പറ്റാത്തതും കൊച്ചുകൂട്ടുകാരെ സങ്കടപ്പെടുത്തുന്നുണ്ടെങ്കിലും പൂഞ്ഞാർ ഗവ. എൽപി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കൊച്ചുകൂട്ടുകാർ ഹാപ്പിയാണ്. തങ്ങളുടെ കൂട്ടുകാരെയെല്ലാം തങ്ങളുടെ വീട്ടിൽ എന്നും കാണാനാകുന്നതിന്റെ സന്തോഷത്തിലാണ് ഇവർ.

കോവിഡ് ഭീതി അകന്നിട്ടില്ലാത്തതിനാൽ സ്‌കൂൾ തുറന്നു പഠനം ആരംഭിക്കാനുള്ള സാധ്യതകൾ നീണ്ടു പോകുന്നതിനിടെ ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും തങ്ങളുടെ സഹപാഠികളായ കൂട്ടുകാരെ കാണാൻ സാധിക്കാത്ത വിഷമം മാറുകയാണ് പൂഞ്ഞാർ ഗവ. എൽപി സ്കൂളിലെ കൊച്ചുകൂട്ടുകാർക്ക്. ക്ലാസ്സിലെ വിദ്യാർത്ഥികളുടെ ഫോട്ടോയും പേരും ഉൾപ്പടെ വ്യത്യസ്തമായ കലണ്ടർ പ്രസിദ്ധീകരിച്ചിരിക്കുന്ന സ്‌കൂളിൽ നിന്നും. എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ ഇവ വിതരണം ചെയ്തിട്ടുണ്ട്.

സ്‌കൂളിലെ പ്രധാനാധ്യാപികയായ സജിമോൾ ടീച്ചറുടെ പിന്തുണയിൽ ഒന്നാം ക്ലാസ്സിലെ അധ്യാപികമാരായ ലക്ഷ്മി പ്രിയ, സജിദ എന്നിവരാണ് ഇത്തരമൊരു ആശയത്തിന് നേതൃത്വം നൽകിയത്. സ്‌കൂൾ തുറക്കുമ്പോൾ ആദ്യമായി ക്ളാസിലെത്തുമ്പോൾ എല്ലാ കൂട്ടുകാരെയും തിരിച്ചറിയാനാകും ഈ ഫോട്ടോ കലണ്ടറിലൂടെ. ക്ലാസ്സിലെ കൂട്ടുകാരെ എന്നും കാണാനാകുന്നതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചുകൂട്ടുകാർ.

Image credits to Respective owner