പ്രതീക്ഷയുടെ ഡബിൾ ബെല്ലിൽ ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് ആരംഭിച്ചു.


എരുമേലി: ലോക്ക് ഡൗണിൽ ഇളവുകളിൽ പൊതുഗതാഗതത്തിനു അനുമതി ലഭിച്ചതോടെ പ്രതീക്ഷയുടെ ഡബിൾ ബെല്ലിൽ ജില്ലയിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് ആരംഭിച്ചു. ഇന്ന് മുതൽ സർവ്വീസ് ആരംഭിച്ചെങ്കിലും ചുരുക്കം സ്വകാര്യ ബസ്സുകൾ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.

ഇന്നലെ അറ്റകുറ്റപ്പണികൾ തീർത്ത ബസ്സുകൾ ഇന്ന് നിരത്തിലിറക്കിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതിനാലും ഇന്ധന വില കൂടുന്നതിനാലും സർവ്വീസുകൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന ആകാംക്ഷയിലാണ് ബസ്സ് ജീവനക്കാരും ഉടമകളും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതെ കഴിയുകയായിരുന്ന ബസ്സ് ജീവനക്കാർക്ക് സർവ്വീസ് ആരംഭിക്കാൻ അനുമതി ലഭിച്ചത് അനുഗ്രഹമാണെങ്കിലും പരിമിതമായ യാത്രക്കാരെ മാത്രം കയറ്റാനാണ് അനുമതിയുള്ളത്.

കോവിഡ് ഒന്നാം തരംഗവും തുടർന്നുള്ള ലോക്ക് ഡൗണിനും ശേഷം സ്വകാര്യ ബസ്സ് മേഖല നഷ്ടത്തിലായിരുന്നു. ബസ്സുകൾ ഓടിത്തുടങ്ങിയിരുന്നെങ്കിലും ട്രിപ്പ് അവസാനിപ്പിക്കുമ്പോൾ നഷ്ടത്തിന്റെ കണക്കുകൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇന്ന് മുതൽ ബസ്സുകൾ ഓടിത്തുടങ്ങുന്നെങ്കിലും ഇന്ധന ചിലവും ജീവനക്കാരുടെ വേതനവും വട്ടമെത്തുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും ബസ്സ് ഉടമകളും.