പുളിന്തറ വളവ് നിവർത്തൽ സർക്കാർ അനാസ്ഥക്കെതിരെ യുഡിഎഫ് പ്രതിഷേധം.


കുറുപ്പന്തറ: ഏറ്റുമാനൂർ - എറണാകുളം റോഡിൽ നിരന്തരമായി വാഹനാപകടങ്ങൾ സംഭവിക്കുന്ന കുറുപ്പന്തറ പുളിന്തറ വളവ് നിവർത്താൻ തയ്യാറാകാതെ മനുഷ്യജീവൻ പന്താടിക്കൊണ്ട് സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കൊണ്ട് യുഡിഎഫ് മാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിന്തറ വളവിൽ ജനകീയ കൂട്ടായ്മയും, പ്രതിഷേധ സമരവും സംഘടിപ്പിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

കുറുപ്പന്തറ പുളിന്തറ വളവിൽ നിരന്തരമായി അപകടങ്ങൾ സംഭവിച്ചിട്ടും വളവ് നിവർത്താൻ നിശ്ചയിച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാതെ സർക്കാർ അനാസ്ഥ കാണിക്കുന്നത് മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണെന്ന് മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. പുളിന്തറ വളവ് നി വളവ് നിവർത്തുന്നത് യാഥാർത്ഥ്യമാകണമെങ്കിൽ അളവ് തിട്ടപ്പെടുത്തി മാറ്റിയിട്ടിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറിയാൽ മാത്രമേ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂവെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ സർക്കാർ വരുത്തിയിരിക്കുന്ന കാല താമസമാണ് പുളിന്തറ വളവ് നിവർത്തൽ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്. സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഭൂമിയേറ്റെടുക്കൽ നടപടികൾ ഇനിയും നീണ്ട് പോയാൽ  അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എംഎൽഎ അറിയിച്ചു.  പുളിന്തറ വളവിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന വികസന പദ്ധതി നടപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടുള്ളതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.

നിരന്തരമായ അപകടങ്ങൾ പുളിന്തറ വളവിൽ സംഭവിച്ചിട്ടും സർക്കാർ കണ്ണ് തുറക്കാത്തത് തികച്ചും പ്രതിഷേധാർഹമാണ്. പ്രശ്ന പരിഹാരത്തിന് വേണ്ടി സർക്കാർ തലത്തിൽ നിരന്തരമായ ഇടപെടലുകൾ പ്രാദേശിക ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയിട്ടും സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ കഴിയാത്തതാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഏക തടസ്സമായി നിൽക്കുന്നത് എന്നും എംഎൽഎ പറഞ്ഞു. 2009- കാലഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്ന സന്ദർഭത്തിലാണ് സ്ഥലവാസികളായ കുടുംബാംഗങ്ങളുടെയും മാഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെയും അഭ്യർത്ഥന മാനിച്ച്  കൊണ്ട് പുളിന്തറ വളവ്  നിവർത്തൽ പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

ഇതേ തുടർന്ന് വിവിധ ഘട്ടങ്ങളിലായുള്ള നടപടി ക്രമങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുകയും, റവന്യൂ - പൊതുമരാമത്ത് വകുപ്പുകളുടെ മേൽനോട്ടത്തിൽ ഏറ്റെടുക്കാനുള്ള സ്ഥലത്തിന്റെ അതിർത്തി നിശ്ചയിക്കുകയും കല്ലിട്ട് തിരിക്കുകയും ചെയ്തിട്ടുള്ളതാണ്. പിന്നീട് സർക്കാർ തലത്തിൽ നടക്കേണ്ടതായ നടപടി ക്രമങ്ങളുടെ പൂർത്തീകരണത്തിനാണ് അന്യായമായ കാലതാമസം നേരിട്ടിട്ടുള്ളത്. ഇത്തരത്തിലുള്ള യാഥാർത്ഥ്യങ്ങൾ പൂർണ്ണമായി മറച്ച് വെച്ച് കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചില കേന്ദ്രങ്ങൾ നടത്തുന്ന അപഹാസ്യമായ നീക്കത്തിനെതിരെ ശക്തമായ നിലപാട്സ്വീ കരിക്കുന്നതിനും കപട രാഷ്ട്രീയത്തിന്റെ തനിനിറം തുറന്ന് കാണിക്കുന്നതിനും യുഡിഎഫ് മാഞ്ഞൂർ മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി രംഗത്ത് വരുമെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. മാഞ്ഞൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ ലൂക്കോസ് മാക്കിയിൽ അദ്ധ്യക്ഷത വഹിച്ച ജനകീയ കൂട്ടായ്മയിൽ ഡിസിസി സെക്രട്ടറി സുനു ജോർജ്, കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം മാഞ്ഞൂർ മോഹൻ കുമാർ, യുഡിഎഫ് കൺവീനർ ജോൺ നീലംപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി എം ജോർജ്, ബ്ലോക്ക് മെമ്പർ ആൻസി മാത്യു, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിസി ജോസ്, സാലിമ ജോളി, ചാക്കോ മത്തായി, ടോമി കാറുകുളം, റ്റി.എൻ നിധീഷ്, യുഡിഎഫ് നേതാക്കളായ അപ്പച്ചായി പാളിയിൽ, ജിസ്സ് കൊല്ലംപറമ്പിൽ, ജസ്റ്റിൻ വട്ടക്കാലായിൽ, വിനോദ് പുതിയാപറമ്പിൽ, ജോമോൻ എളൂപുറത്ത്‌ എന്നിവർ സംസാരിച്ചു.