എരുമേലി: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ പരിഗണിക്കപ്പെടും എന്ന് കരുതിയ വിമാനത്താവളവും ശബരീ റെയിൽ പദ്ധതിയും പരാമര്ശിക്കപ്പെട്ടില്ല. വിമാനത്താവളത്തിനു ശബരീ റെയിൽ പദ്ധതിക്കും സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.
ശബരീപാതയുടെ മൊത്തം ചെലവിന്റെ പകുതി കിഫ്ബിയിൽ നിന്നും പണം ലഭ്യമാക്കി സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സമ്മതം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് എരുമേലിയിൽ ലിഡാർ സർവ്വേ നടത്തുന്നതിനും എസ്റ്റിമേറ്റ് പുതുക്കുന്നതിനുമുള്ള ജോലികൾ ആരംഭിച്ചിരുന്നു. നിലവിൽ പാതയുടെ നിർമ്മാണത്തിനായി 2017 ലെ എസ്റ്റിമേറ്റ് പ്രകാരം 2815 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. അങ്കമാലി-എരുമേലി ശബരീപാതയിൽ അങ്കമാലി മുതൽ കാലടി വരെയുള്ള ഭാഗത്ത് 7 കിലോമീറ്റർ പാതയാണു നിലവിൽ പൂർത്തിയായത്.
എരുമേലിയിലെ വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ടു വലിയ പരാമർശങ്ങൾ ബജറ്റിലില്ലെങ്കിലും നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്ക് വിവിധ റോഡുകളും, ബൈ പാസുകളും, ഫ്ലൈ ഓവറുകളും നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം ബജറ്റിലുണ്ട്. എരുമേലി പമ്പ കണക്ടിവിറ്റി റോഡ് സംസ്ഥാന പാതയായി ഉയർത്താൻ ബജറ്റിൽ നിർദ്ദേശമുണ്ട്.
ആലപ്പുഴ-ചങ്ങനാശേരി-കറുകച്ചാൽ-മണിമല-പൊന്തൻപുഴ-മുക്കട-എരുമേലി-പമ്പ കണക്ടിവിറ്റി റോഡ് ആണ് ശബരിസാഗര റോഡ് എന്നപേരിൽ സംസ്ഥാന പാതയായി ഉയർത്താൻ ബജറ്റിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. പാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് നടപടികൾ ഉൾപ്പെടെയാണ് ബജറ്റിൽ നിർദ്ദേശം വെച്ചിരിക്കുന്നത്.