ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു;മുഖ്യമന്ത്രി.


കോട്ടയം: ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌പെഷൽ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട പദ്ധതികളിൽ ഒന്നാണ് ശബരിമല വിമാനത്താവളം പദ്ധതി.

ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള എരുമേലി ചെറുവള്ളി എസ്റേറ്റിലാണ് നിർദ്ധിഷ്ട വിമാനത്താവളത്തിന്റെ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ടു ഇപ്പോഴും കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. വിഎം,ആനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകാൻ തീരുമാനിച്ചതോടെ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടി വെച്ച് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്‍റെ 2263.18 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 2020 ജൂണ്‍ 18ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഭൂമിയാണ് ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ പക്കലുണ്ടായിരുന്നതും പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടതുമാണ് ഈ ഭൂമി. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ ഉടമസ്ഥതയെക്കുറിച്ചുതന്നെ തര്‍ക്കമുണ്ട്. പ്രസ്തുത ഭൂമി സര്‍ക്കാരിന് ഉടമസ്ഥതയുള്ളതാണെന്ന് കാണിച്ച് പാല സബ് കോടതിയില്‍ സിവില്‍ സ്യൂട്ട് നിലവിലുണ്ട്. നേരത്തെ ഈ ഭൂമി നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു എന്ന് സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥതല സമിതി കണ്ടെത്തിയിരുന്നു.

ഇതിനെതിരെ നിലവിലെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ഭൂമിയുടെ ഉടമസ്ഥത ലാന്‍റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം തീരുമാനിക്കാന്‍ സാധിക്കില്ല എന്നും സര്‍ക്കാരിന് സിവില്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്ത് ഉടമസ്ഥാവകാശം സ്ഥാപിക്കാമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍, സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി തള്ളപ്പെട്ടു.

2020 ജൂണ്‍ 18ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അയനാ ട്രസ്റ്റ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയും സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയുമാണ്.  2017 ലാണ് സർക്കാർ ശബരിമല വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.