സൗദി വാഹനാപകടം: ഷിൻസി ഫിലിപ്പിന്റെ സംസ്കാരം തിങ്കളാഴ്ച്ച, മൃതദേഹം നാളെ നാട്ടിലെത്തും.


കോട്ടയം: സൗദി വാഹനാപകടത്തിൽ മരണമടഞ്ഞ കോട്ടയം കുറവിലങ്ങാട് സ്വദേശിനിയായ നേഴ്സ് ഷിൻസി ഫിലിപ്പിന്റെ(28) സംസ്ക്കാരം തിങ്കളാഴ്ച്ച നടക്കും. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് വയലാ സെന്റ്.ജോർജ് ദേവാലയത്തിലാണ് സംസ്ക്കാരച്ചടങ്ങുകൾ നടക്കുക.

സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിലാണ് കോട്ടയം കുറവിലങ്ങാട് വയല ഇടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളും കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോയുടെ ഭാര്യയുമായ ഷിൻസി ഫിലിപ്പ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണ് സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിൽ ഷിൻസി ഫിലിപ്പും തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് ഹരേ രാമയിൽ അശ്വതി വിജയ (31) നും മരണമടഞ്ഞത്. ഷിൻസി ഫിലിപ്പിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

നജ്റാൻ കിങ് ഖാലിദ് ആശുപത്രി നഴ്സുമാരായിരുന്നു മരണമടഞ്ഞ 2 പേരും. സൗദിയിലെ ജോലി അവസാനിപ്പിച്ചു ബെഹ്റയിനിൽ ഭർത്താവിനടുത്തേക്ക് പോകും മുൻപ് കൂട്ടുകാരുമൊത്തുള്ള യാത്രയ്ക്കിടെയാണ് ഷിൻസിയെ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അമിത വേഗതയിലെത്തിയ മറ്റൊരു വാഹനമിടിച്ചാണ് അപകടം ഉണ്ടായത്. ബഹ്‌റെയിനിൽ ജോലിയും ഒന്നിച്ചു താമസിക്കാനായി വീടും ശെരിയാക്കി പ്രിയതമയ്ക്കായി കാത്തിരുന്ന ബിജോയെ തേടിയെത്തിയത് ഷിൻസിയുടെ മരണ വാർത്തയായിരുന്നു.

ബെഹ്റയിനിൽ നേഴ്‌സായി ജോലി ചെയ്യുന്ന ഷിൻസിയുടെ ഭർത്താവ് പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2021 ജനുവരി 24നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് ഫെബ്രുവരി 17 നു ഇരുവരും ഇവരുടെ ജോലി സ്ഥലങ്ങളിലേക്ക് തിരികെ പോകുകയായിരുന്നു.

ബഹ്‌റെയിനിലെ ആശുപത്രിയിൽ ജോലി ലഭിച്ചതോടെ സൗദിയിലെ ജോലി അവസാനിപ്പിച്ചു ഭർത്താവിനടുത്തേക്ക് പോകുന്നതിനു മുൻപ് കൂട്ടുകാരുമൊത്തു യാത്ര പോയതായിരുന്നു ഷിൻസി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർക്കൊപ്പം ഉണ്ടായിരുന്ന 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.