സൗദി വാഹനാപകടം: അപകടത്തിൽ മരണമടഞ്ഞ കോട്ടയം,തിരുവനന്തപുരം സ്വദേശിനികളായ നേഴ്‌സുമാരുടെ മൃതദേഹം ഞായറാഴ്ച്ച നാട്ടിലെത്തിക്കും.


കോട്ടയം: സൗദി വാഹനാപകടത്തിൽ മരണമടഞ്ഞ കോട്ടയം,തിരുവനന്തപുരം സ്വദേശിനികളായ നേഴ്‌സുമാരുടെ മൃതദേഹങ്ങൾ  ഞായറാഴ്ച്ച നാട്ടിലെത്തിക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശിനിയായ നേഴ്സ് ഷിൻസി ഫിലിപ്പ് തിരുവനന്തപുരം സ്വദേശിനി അശ്വതി വിജയൻ എന്നിവർ മരണമടഞ്ഞത്.

നജ്റാൻ കിങ് ഖാലിദ് ആശുപത്രി നഴ്സുമാരായ കോട്ടയം കുഴിമറ്റം പാച്ചിറത്തോപ്പിൽ ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് ഹരേ രാമയിൽ അശ്വതി വിജയൻ (31) എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. ഞയറാഴ്ച്ച രാവിലെ 3.30 ന് നെടുമ്പാശ്ശേരിയിൽ എത്തുന്ന അബുദബി- കൊച്ചി വിമാനത്തിൽ കോട്ടയം സ്വദേശിനിയായ നേഴ്സ് ഷിൻസി ഫിലിപ്പിന്റെയും 7 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന വിമാനത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനിയായ നേഴ്സ് അശ്വതിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.

സൗദിയിലെ ജോലി അവസാനിപ്പിച്ചു ബെഹ്റയിനിൽ ഭർത്താവിനടുത്തേക്ക് പോകും മുൻപ് കൂട്ടുകാരുമൊത്തുള്ള യാത്രയ്ക്കിടെയാണ് ഷിൻസിയെ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർക്കൊപ്പം ഉണ്ടായിരുന്ന 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അമിത വേഗതയിലെത്തിയ മറ്റൊരു വാഹനമിടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സ്നേഹ,റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റ സ്നേഹ, റിൻസി എന്നിവർ നജ്‌റാൻ ജനറൽ ആശുപത്രിയിലും ഡ്രൈവറായിരുന്ന അജിത്ത് നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. ബെഹ്റയിനിൽ നേഴ്‌സായി ജോലി ചെയ്യുന്ന ഷിൻസിയുടെ ഭർത്താവ് പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം 2021 ജനുവരി 24നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കോട്ടയം കുറവിലങ്ങാട് വയല എടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളാണ് ഷിൻസി ഫിലിപ്പ്.