സൗദി വാഹനാപകടം: ഷിൻസി ഫിലിപ്പിന്റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്ക്കാരം നാളെ.


കോട്ടയം: സൗദി വാഹനാപകടത്തിൽ മരണമടഞ്ഞ കോട്ടയം കുറവിലങ്ങാട് സ്വദേശിനിയായ നേഴ്സ് ഷിൻസി ഫിലിപ്പിന്റെ(28) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിലാണ് കോട്ടയം കുറവിലങ്ങാട് വയല ഇടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളും കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോയുടെ ഭാര്യയുമായ ഷിൻസി ഫിലിപ്പ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണ് സൗദി അറേബ്യയിലെ നർജാനിലുണ്ടായ വാഹനാപകടത്തിൽ ഷിൻസി ഫിലിപ്പും തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് ഹരേ രാമയിൽ അശ്വതി വിജയ (31) നും മരണമടഞ്ഞത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇന്ന് കോട്ടയത്ത് മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ പത്തരയ്ക്ക് ഭർത്താവ് കോട്ടയം പനച്ചിക്കാട് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോയുടെ ഭവനത്തിൽ പൊതുദർശനത്തിനു വെയ്ക്കും. തുടർന്ന് 12 മണിയോടെ മൃതദേഹം വയലായിലെ വീട്ടിലെത്തിക്കും. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഭവനത്തിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്ം.

നാളെ ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ ഷിൻസിയുടെ ഇടവക ദേവാലയമായ വയലാ സെന്റ്.ജോർജ് ദേവാലയത്തിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും. 2 മണിക്ക് നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കാർമ്മികത്വം വഹിക്കും. പൊതുദർശന സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ടായിരിക്കുന്നതാണെന്നു ഇടവ വികാരി വികാരി ഫാ. ജോസ് തറപ്പേൽ പറഞ്ഞു.