ഏറ്റുമാനൂർ: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കു എതിരെ ഏറ്റുമാനൂരിൽ പ്രതിഷേധം. കേരളാ ആന്റി സെമി ഹൈസ്പീഡ് ആക്ഷൻ കൗൺസിൽ കോട്ടയത്തിന്റെ നേതൃത്വത്തിലാണ് ഏറ്റുമാനൂർ പട്ടിത്താനത്ത് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അനുവാദം നല്‍കിയതിനെ തുടർന്നാണ് ഇവർ വീണ്ടും പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിഷേധം നടത്തിയവരെ പോലീസ് തടഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. കെ റെയിൽ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കത്തക്ക വിധത്തിലാണ് നടത്തപ്പെടുന്നതെന്നും വലിയ പാരിസ്ഥിതിക പ്രശനങ്ങൾ സൃഷിക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. നിലവിലുള്ള റെയിൽവേ പാതയ്ക്ക് സമാന്തരമായിട്ടു സെമി ഹൈ സ്പീഡ് റെയിൽ പാത നിർമ്മിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇന്ത്യൻ റെയിൽവേ രാജ്യം മുഴുവൻ നിലവിലുള്ള റെയിൽവേയിൽ കൂടി 2025 നുള്ളിൽ മണിക്കൂറിൽ 160 km വേഗതയിൽ ട്രെയിനോടിക്കാൻ പോകുമ്പോൾ ഈ പദ്ധതി ആർക്കു വേണ്ടിയാണെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു.
ഇരുപത്തിനായിരത്തില്പരം ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എൽഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു ഈ പദ്ധതി. കോട്ടയം ഉൾപ്പടെ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 11 സ്റ്റോപ്പുകളാണുള്ളത്.