മണിമല: മണിമലയാറ്റിൽ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി താലൂക്ക് സ്പെഷ്യൽ വില്ലേജ് ഓഫീസർ പത്തനാട് കൂടത്തുങ്കൽ പടി സ്വദേശിയായ പ്രകാശ് എൻ(51) ന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മൂങ്ങാനി ചെക്ക്ഡാമിന് താഴെ പാലത്തുംകടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച്ച രാവിലെ മണിമല വലിയ പാലത്തിൽ നിന്നും ഇയാൾ ആറ്റിലേക്ക് ചാടിയത്. പാലത്തിനു മുകളിൽ ഊരി വെച്ചിരുന്ന നിലയിൽ ഇയാളുടെ ബാഗും ഷൂസും കണ്ടെത്തിയിരുന്നു. ബാഗിൽ നിന്നും ലഭിച്ച ഐഡി കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ചങ്ങനാശേരി താലൂക്ക് ഓഫിസിലെ സീനിയർ ക്ലാർക്കായ സ്പെഷൽ വില്ലേജ് ഓഫിസർ ആയിരുന്നു പ്രകാശ്. ആറ്റിലേക്ക് ഇയാൾ ചാടുന്നത് കണ്ട ഇതര സംസ്ഥാന തൊഴിലാളിയായ യാനാസ് ആറ്റിലേക്ക് ചാടിയെങ്കിലും രക്ഷിക്കാനായിരുന്നില്ല.
തുടർന്ന് മണിമല പോലീസും ഫയർ ഫോഴ്‌സ് സ്‌കൂബാ സംഘവും തിങ്കളാഴ്ച്ച തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച്ച അവസാനിപ്പിച്ച തെരച്ചിൽ ചൊവ്വാഴ്ചയും തുടർന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. കളക്ട്രേറ്റിൽ നിന്നും ചങ്ങനശ്ശേരി തഹസിൽദാറിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ ഈരാറ്റുപേട്ട നന്മക്കൂട്ടവും ഇന്നലെ തെരച്ചിലിനായി മണിമലയിൽ എത്തിയിരുന്നു.
സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു ഇദ്ദേഹം. മുൻപ് കോവിഡ് ബാധിച്ചിരുന്നെങ്കിലും രോഗമുക്തനായിരുന്നു. ഭാര്യ: അമ്പിളി, മകൾ: പൂജാ ലക്ഷ്മി.