കോട്ടയം: സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപന തോത് കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ അനുവദിച്ച ലോക്ക് ഡൗൺ ഇളവുകൾ തുടർന്ന് ജില്ലയിൽ ഇന്നലെ അനുഭവപ്പെട്ടത് ഗതാഗതത്തിരക്കിന്റെയും കുരുക്കിന്റെയും സമയങ്ങൾ. ജില്ലയിലെ ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ എല്ലാ സ്ഥങ്ങളിലും ജനത്തിരക്കും ഗതാഗതത്തിരക്കുമായിരുന്നു ഇന്നലെ.
കൂടുതൽ മേഖലകൾക്ക് പ്രവർത്തനാനുമതിയും ഇളവുകളും അനുവദിച്ചതൊട്ട് ജനങ്ങൾ കൂടുതലായി ഇറങ്ങിത്തുടങ്ങിയതാണ് തിരക്കിന് കാരണം. വാഹനത്തിരക്ക് കൂടുതലായതോടെ ജില്ലയിൽ പലയിടങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. കോട്ടയം,പാലാ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ സമയവും ഗതാഗതക്കുരുക്കു അനുഭവപ്പെട്ടു. രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് കോട്ടയം ജില്ലയിലെ 59 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 185 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കിയിരുന്നു.
വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ മുതൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. അവശ്യ സാധനങ്ങൾ വീടിനോടു ചേർന്ന അടുത്തുള്ള കടകളിൽ നിന്ന് വാങ്ങണമെന്ന് നിര്ദേശിച്ചിട്ടുണ്ടെങ്കിലും എല്ലാവരും തൊട്ടടുത്ത നഗരത്തിലെത്തി തന്നെയാണ് സാധനങ്ങൾ വാങ്ങുന്നത്. ഇത് ചില മേഖലകളിൽ കൂടുതൽ തിരക്ക് ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്.