അൺലോക്ക്: ഇളവുകളിൽ പ്രതിരോധം പാളുന്നുന്നുവോ? ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നു, നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയേക്കും.


കോട്ടയം: സംസ്ഥാന വ്യാപക ലോക്ക് ഡൗൺ കഴിഞ്ഞ ബുധനാഴ്ച്ച അവസാനിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ടി പി ആറിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ ജില്ലയിൽ 4 മേഖലകളിലായി തിരിച്ചു നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷം ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തുന്നത്. ജൂൺ 17 നു ജില്ലയിൽ 464 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 8.33 ശതമായിരുന്നു അന്ന് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ തുടർന്ന് വന്ന ദിവസങ്ങളിൽ ഇന്ന് വരെ ജില്ലയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവാണ്‌ രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം ജില്ലയിൽ 600 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിലെ 77 തദ്ദേശ സ്ഥാപനങ്ങളെ ടി പി ആറിന്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ ബുധനാഴ്ച്ച അവലോകനം ചെയ്ത ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ടി പി ആർ 30 ശതമാനത്തിന് മുകളിലുള്ള  ഡി കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലയിലില്ലാഞ്ഞതിനാൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകൾ ജില്ലയിലില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകൾ ജില്ലയിലുണ്ടായേക്കും. വരുന്ന ബുധനാഴ്ച്ച തദ്ദേശ സ്ഥാപന മേഖലകളിലെ ടി പി ആർ അവലോകനം ചെയ്യുകയും ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന മേഖലകൾ പുനര്നിര്ണയിക്കുകയും ചെയ്യും.

സംസ്ഥാന വ്യാപക ലോക്ക് ഡൗൺ പിൻവലിക്കുകയും ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ പൊതുസ്ഥലങ്ങളിലേക്കിറങ്ങുന്നുണ്ട്. മേഖലകൾ തിരിച്ചു നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങളിലെയും നിരത്തുകളിലെയും തിരക്ക് നിയന്ത്രണാതീതമാണ്. പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പും സർക്കാരും ആവർത്തിച്ചു മുന്നറിയിപ്പ് നൽകുമ്പോഴും ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്.

അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചില്ലെങ്കിൽ ജില്ലയിലെ സ്ഥിഗതികൾ കൂടുതൽ വഷളായേക്കും. രോഗബാധിതരുടെ എണ്ണം ഉയർന്നാൽ ഇപ്പോഴത്തെ ഇളവുകൾ പിൻവലിക്കാനും ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകളും ലോക്ക് ഡൗൺ മേഖലകളും കൂടുതലായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കോവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടാൻ നമുക്കും മറ്റുള്ളവർക്കുമായി പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാം.