അൺലോക്ക് കോട്ടയം: ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകൾ ഉണ്ടായേക്കില്ല, ഒരു ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കും.


കോട്ടയം: കോട്ടയം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചു നടപ്പിലാക്കിയിരുന്ന ഇളവുകളും നിയന്ത്രണങ്ങളും ടി പി ആർ അവലോകനത്തിന് ശേഷം നാളെ പുനക്രമീകരിക്കും. ജൂൺ 21 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലുള്ള ഗ്രാമപഞ്ചായത്തുകൾ ജില്ലയില്ല.

ഇക്കാരണത്താൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന മേഖലകൾ ഉണ്ടായേക്കില്ല. എന്നാൽ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ശതമാനത്തിനുമിടയിൽ നിൽക്കുന്ന ഒരു ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കും. കഴിഞ്ഞ തവണയും ടി പി ആർ നിരക്ക് കൂടുതലായതിനെ തുടർന്ന് 20 നും 30 ശതമാനത്തിനുമിടയിൽ നിൽക്കുകയായിരുന്ന വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ 7 ദിവസത്തെ ടി പി ആർ അവലോകനം ചെയ്യുമ്പോഴും ഉയർന്ന നിരക്കാണ്.

ജൂൺ 21 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ 25.58 ശതമായാണ് ടി പി ആർ. ഈ മേഖലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും. ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരമുള്ള ടി പി ആർ അവലോകനത്തിന് ശേഷമായിരിക്കും നിയന്ത്രണങ്ങളും ഇളവുകളും ഏതൊക്കെ മേഖലകളിലെന്നു പ്രഖ്യാപിക്കുക.