അൺലോക്ക്: കോട്ടയം ജില്ലയിലെ 5 ഗ്രാമപഞ്ചായത്തുകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കും, 21 ഗ്രാമപഞ്ചായത്തുകളിൽ ഇളവുകൾ.


കോട്ടയം: സംസ്ഥാന വ്യാപക ലോക്ക് ഡൗൺ ഇന്ന് രാത്രി രാത്രി അവസാനിക്കവേ ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാകും തുടർ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക. ജൂൺ 14 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിലുള്ള ഗ്രാമപഞ്ചായത്തുകൾ ജില്ലയില്ല.

ഇക്കാരണത്താൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന മേഖലകൾ ഉണ്ടായേക്കില്ല. എന്നാൽ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ശതമാനത്തിനുമിടയിൽ നിൽക്കുന്ന 5 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഈ മേഖലകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കും. ജൂൺ 14 വരെയുള്ള കണക്കുകൾ പ്രകാരം തൃക്കൊടിത്താനം,കൂട്ടിക്കൽ, കുറിച്ചി,മണിമല,വാഴപ്പള്ളി മേഖലകളാണ് ഈ പരിധിയിൽ വരുന്നത്. ടി പി ആർ 8 ശതമാനം മുതൽ 20 ശതമാനം വരെയുള്ള മേഖലകൾ ഭാഗിക ലോക്ക് ഡൗൺ പരിധിയിൽ ഉൾപ്പെടും. ജില്ലയിൽ ഈ വിഭാഗത്തിൽ നിലവിലെ കണക്കനുസരിച്ച് 45 ഗ്രാമപഞ്ചായത്തുകളാണുള്ളത്.

കുമരകം,തലപ്പലം, പനച്ചിക്കാട്,കാണക്കാരി,കടുത്തുരുത്തി, പുതുപ്പള്ളി,തീക്കോയി,മാഞ്ഞൂർ, പായിപ്പാട്,വെച്ചുർ,വിജയപുരം, കൂരോപ്പട,പള്ളിക്കത്തോട്, അയർക്കുന്നം,മണർകാട്, തലയാഴം,മാടപ്പള്ളി,അതിരമ്പുഴ,തിടനാട്, അകലക്കുന്നം,പാറത്തോട്, അയ്മനം,കൊഴുവനാൽ,പൂഞ്ഞാർ, വാഴൂർ,നെടുങ്കുന്നം,കറുകച്ചാൽ, മുണ്ടക്കയം,ഉദയനാപുരം, വെള്ളൂർ,എലിക്കുളം, കാരൂർ,ഉഴവൂർ,മുത്തോലി, ചിറക്കടവ്, പാമ്പാടി,കിടങ്ങൂർ, രാമപുരം,മേലുകാവ്,എരുമേലി, മുളക്കുളം,കടനാട്‌, വാകത്താനം,മീനടം,കടപ്ലാമറ്റം എന്നീ തദ്ദേശ സ്ഥാപന മേഖലകളിൽ ഭാഗിക ലോക്ക് ഡൗൺ പരിധിയിൽ ഉൾപ്പെടും. കോട്ടയം ജില്ലയിലെ 21 ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. ഈ മേഖലകളിൽ സാധാരണ ഗതിയിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിൽ താഴെയുള്ള 21 ഗ്രാമപഞ്ചായത്തുകൾ കോരുത്തോട്, മൂന്നിലവ്,ചെമ്പ്,കങ്ങഴ, പൂഞ്ഞാർ തെക്കേക്കര,കാഞ്ഞിരപ്പള്ളി, നീണ്ടൂർ, കല്ലറ,തിരുവാർപ്പ്, മറവന്തുരുത്ത്,തലനാട്, ടി വി പുരം,ആർപ്പൂക്കര, വെളിയന്നൂർ, മീനച്ചിൽ,വെള്ളാവൂർ, മരങ്ങാട്ടുപിള്ളി, ഞീഴൂർ,കുറവിലങ്ങാട്, തലയോലപ്പറമ്പ്,ഭരണങ്ങാനം എന്നിങ്ങനെയാണ്. ഇന്ന് ചേരുന്ന യോഗത്തിൽ തദ്ദേശ സ്ഥാപന മേഖലകളിലെ ടി പി ആർ അവലോകനം ചെയ്യും. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലകൾ പുതുക്കിയതിനു ശേഷമായിരിക്കും നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക.