കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപന തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് രാത്രി അവസാനിക്കും. നാളെ മുതൽ നിയന്ത്രണങ്ങളും ഇളവുകളും തദ്ദേശ സ്ഥാപന മേഖലകളുടെ അടിസ്ഥാനത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ അടിസ്ഥാനമാക്കിയായിരിക്കും നിർണ്ണയിക്കുക.
ഇളവുകളും നിയന്ത്രണങ്ങളും ഏതൊക്കെ തദ്ദേശ സ്ഥാപന മേഖലകളിൽ എങ്ങനെയൊക്കെയെന്നു ഇന്ന് ജില്ലാ ഭരണകേന്ദ്രത്തിൽ കൂടുന്ന യോഗത്തിൽ വിശകലനം ചെയ്യും. ജൂൺ 14 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള മേഖലകളില്ല. ടി പി ആർ 30 ശതമാനത്തിനു മുകളിൽ നിൽക്കുന്ന മേഖലകളാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുക. ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്തിലും നഗരസഭയിലും നിലവിൽ ടി പി ആർ 30 ശതമാനത്തിനു മുകളിലില്ല. ടി പി ആർ 20 നും 30 നുമിടയിലുള്ള നഗരസഭകളും ജില്ലയിലില്ല.
ഇക്കാരണത്താൽ ജില്ലയിലെ ഒരു നഗരസഭാ പരിധിയിലും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കില്ല. എന്നാൽ ജില്ലയിലെ 4 നഗരസഭകൾ ഭാഗിക ലോക്ക് ഡൗൺ പരിധിയിൽ ഉൾപ്പെടും. ടി പി ആർ നിരക്ക് 8 നും 20 നുമിടയിലുള്ള ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി,ഏറ്റുമാനൂർ,പാലാ നഗരസഭകളിൽ ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കും. കോട്ടയം ജില്ലയിലെ 2 നഗരസഭകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിൽ താഴെയായ കോട്ടയം, വൈക്കം നഗരസഭകളിൽ സാധാരണ ജാതിയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചേക്കും. ഇന്ന് ചേരുന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ പുതിയ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചാകും നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക.