കാഞ്ഞിരപ്പള്ളി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പൊറോട്ടയടിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ വൈറലായി മാറിയിരിക്കുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി പുത്തൻ കൊരട്ടി സ്വദേശിനിയായ അനശ്വരയാണ്(23) സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ആ പെൺകുട്ടി.
വീടിനോടു ചേർന്ന തന്റെ ഹോട്ടലിൽ അനശ്വര വളരെ ഈസിയായി പൊറോട്ടയടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വർഷങ്ങളായി വീടിനോടു ചേർന്നുള്ള ഇവരുടെ ഹോട്ടലിൽ 13 വർഷമായി അമ്മ സുബിയെ സഹായിക്കാനായി പൊറോട്ടയടിക്കുന്നുണ്ട് തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ അവസാന നിയമ വിദ്യാർഥിയായ അനശ്വര. എല്ലാ തൊഴിലിലും മഹത്വമുണ്ട് ഓരോ തൊഴിലും അഭിമാനമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നു അനശ്വര പറയുന്നു.
കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളിലും മുഖത്തെ പുഞ്ചിരിത്തിളക്കം മായാതെ കുടുംബത്തിനൊപ്പമാണ് അനശ്വര. അനശ്വരയ്ക്ക് രണ്ടു അനിയത്തിമാരാണുള്ളത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ മാളവികയും ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അനാമികയും. അനശ്വരയില്ലാത്ത സമയങ്ങളിൽ അനിയത്തിമാരാണ് അമ്മയെ സഹായിക്കുന്നത്.
അമ്മയാണ് തന്നെ പൊറോട്ടയടിക്കാൻ പഠിപ്പിച്ചതെന്നു ഓരോ വാക്കിലും അഭിമാനത്തോടെ അനശ്വര പറയുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും എരുമേലി റൂട്ടിൽ പുത്തൻ കൊരട്ടി, കുറുവാമൂഴി എന്ന സ്ഥലത്താണ് അനശ്വരയുടെ ആര്യ ഹോട്ടൽ പ്രവർത്തിക്കുന്നത്.
പഠനവും ഹോട്ടലിലെ ജോലികളിൽ അമ്മയെ സഹായിക്കുന്നതിനുമൊപ്പം പൊതുപ്രവർത്തനത്തിലും അനശ്വരയുടെ സാന്നിധ്യമുണ്ട്. പഠനം പൂർത്തിയാക്കി അഭിഭാഷകയാകുമ്പോഴും ഈ ജോലി ചെയ്യുന്നതിൽ തനിക്കു മടിയില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളു എന്നും അനശ്വര പറഞ്ഞു. അമ്മയും ചിറ്റമ്മയുമാണ് തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും പിന്തുണയും പ്രോത്സാഹനവുമായി നിൽക്കുന്നതെന്നും കുടുംബത്തിന്റെ പിന്തുണയാണ് തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമെന്നും അനശ്വര പറഞ്ഞു.
ചേട്ടൻ എടുത്ത വീഡിയോയാണ് സമൂഹമാധ്യമത്തിൽ വളരെ വേഗത്തിൽ വൈറലായി മാറിയത്. ഇതിനോടകം തന്നെ സുഹൃത്തുക്കളും സഹപാഠികളുമടക്കം നിരവധിപ്പേരാണ് വിവരങ്ങൾ തിരക്കിയും അഭിനന്ദനമറിയിച്ചും വിളിക്കുന്നത്. കുടുബ വീട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. ഈ വീടിനോടു ചേർന്ന് തന്നെയാണ് ഹോട്ടലും. സ്വന്തമായി സ്ഥലവും വീടുമില്ലാത്തതിന്റെ സങ്കടം അനശ്വരയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. ഹോട്ടലിൽ നിന്നും ലഭിക്കുന്നത് മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം.
എൽഎൽഎം ചെയ്യണമെന്നും ഒപ്പം സിവിൽ സർവ്വീസിനോടും താത്പര്യമുണ്ടെന്നും കടങ്ങൾ വീട്ടി തനിക്കും അമ്മയ്ക്കും ചിറ്റമ്മയ്ക്കും അനിയത്തിമാർക്കും സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടാക്കണമെന്നുമാണ് അനശ്വരയുടെ മനസ്സിൽ. ആഗ്രഹങ്ങൾക്കൊപ്പം തളരാതെ പരിശ്രമിക്കാനുള്ള മനസ്സും കുടുംബവും ഒപ്പമുള്ളപ്പോൾ എല്ലാം സാധിച്ചെടുക്കാനാകുമെന്നു അനശ്വര ഉറപ്പോടെ പറയുന്നു.