സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം: കോട്ടയം ജില്ലയില്‍ വിപുലമായ പരിപാടികള്‍.


കോട്ടയം: രാജ്യത്തിന്‍റെ സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ  കോട്ടയം സന്ദര്‍ശനം,തിരുവാര്‍പ്പ് സന്ദര്‍ശനം, കേരളത്തില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങള്‍,വൈക്കം സത്യാഗ്രഹം,മലയാളി മെമ്മോറിയല്‍, മലയാള ഭാഷാ ദിനപത്രങ്ങളും സ്വാതന്ത്ര്യ സമരങ്ങളും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഘോഷങ്ങളാണ് ജില്ലയില്‍ നടത്തുന്നത്. സാംസ്കാരിക വകുപ്പ്, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്,  യുവജനകാര്യ വകുപ്പ്, പുരാവസ്തു വകുപ്പ് എന്നിവയെയാണ് നിര്‍വ്വഹണ ഏജന്‍സികളായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ജില്ലാ നോഡല്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ ആലോചനാ യോഗം ചേര്‍ന്നു. സ്വാന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്ന ചരിത്ര സംഭവങ്ങളെക്കുറിച്ച് പുതു തലമുറയ്ക്ക് അറിവ്  പകരാന്‍ ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സംസ്കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ രാധാമണി, ആഘോഷ പരിപാടികളുടെ ഏകോപന ചുമതല വഹിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുജയ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ പ്രസാദ്, എസ്.എസ്.കെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ്, ഡി.ഇ.ഒ കെ.ബിന്ദു, ഡയറ്റ്  പ്രതിനിധി ജെയ്സണ്‍, കോട്ടയം ടി.ടി.ഐ പ്രിന്‍സിപ്പല്‍ ടോണി ആന്‍റണി,  ജില്ലാ യുവജന ക്ഷേമ ഓഫീസര്‍ ടി.എസ് ലൈജു എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി 75 ആഴ്ച്ചകള്‍ നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് അമൃത മഹോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നത്.