കോട്ടയത്ത് പാടശേഖരത്തിലേക്ക് മുങ്ങിയ കാറിൽ നിന്നും 3 വയസ്സുകാരിയുൾപ്പടെ 5 അംഗ കുടുംബത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി.



കോട്ടയം: കോട്ടയത്ത് പാടശേഖരത്തിലേക്ക് മുങ്ങിയ കാറിൽ നിന്നും 3 വയസ്സുകാരിയുൾപ്പടെ 5 അംഗ കുടുംബത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് കോട്ടയം വെച്ചൂർ - കല്ലറ റോഡിൽ കോലാംപുറത്ത്കരിയിൽ നടുചാലിൽ പാടശേഖരത്തിലേക്കാണ് കാർ മറിഞ്ഞത്.

കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് റോഡിനിരുവശവുമുള്ള പാടശേഖരങ്ങളിൽ വെള്ളം കൂടുതലായി നിലനിന്നിരുന്നു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കൽ വീട്ടിൽ സുബിൻ മാത്യു (31), ഭാര്യ ആഷാ മോൾ ചെറിയാൻ (30), സുബിന്റെ മകൾ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാൻ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് ഇവരുടെ കാറിനു പിന്നാലെയെത്തിയ ലോറി ഡ്രൈവറും പാടശേഖരത്തിനു സമീപമുണ്ടായിരുന്ന കർഷകരും നീന്തിയെത്തി സാഹസികമായി രക്ഷപ്പെടുത്തിയത്.

കല്ലറ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ റോഡരുകിലെ കമ്പിയിൽ തട്ടി നിയന്ത്രണംവിട്ടു പാടശേഖരത്തേക്ക് മറിയുകയായിരുന്നു. അപകടംകണ്ട ലോറി ഡ്രൈവർ രാധാകൃഷ്ണൻ,പാഡിസ്‌കാരത്തിനു സമീപമുണ്ടായിരുന്ന ശ്രീകുമാർ, ബേബി, ബാബു,മനോജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നീന്തിയെത്തിയ ഇവർ  അടുത്ത് ഉണ്ടായിരുന്ന ട്രാൻസ്ഫോർമറിൽ നിന്നും ഫ്യൂസ് ഊരി മാറ്റുകയും രണ്ടു പേര് കാർ മുങ്ങാതെ പിടിച്ചു നിർത്തുകയുമായിരുന്നു. കാറിന്റെ പിൻഭാഗത്തെ ചില്ല് പൊട്ടിച്ച് ആണ് 3 വയസ്സുള്ള കുഞ്ഞിനേയും കുടുംബത്തേയും രക്ഷപ്പെടുത്തിയത്. കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.