അന്തർസംസ്ഥാന വാഹനകടത്ത് സംഘം അറസ്റ്റിൽ.


കോട്ടയം: വാടകയ്ക്ക് എടുക്കുന്ന വാഹനം ഉടമസ്ഥർ അറിയാതെ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടു പോയി പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന അന്തർസംസ്ഥാന വാഹന കടത്ത് സംഘത്തെ കോയമ്പത്തൂരിൽ നിന്നും അമ്പലപ്പുഴ പോലീസ് പിടികൂടി. കോട്ടയം സ്വദേശിയുൾപ്പടെയുള്ളവരെയാണ് അമ്പലപ്പുഴ സി ഐ എസ് ദ്വിജേഷും സംഘവും അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി സ്വദേശിയായ രതീഷിൻ്റെ  ഉടമസ്ഥതയിലുളള  KL 33 H 9133 നമ്പർ വെളള മാരുതി എർട്ടിഗ കാർ അമ്പലപ്പുഴ നീർക്കുന്നം മുറിയിൽ പുതുവൽ വീട്ടിൽ ജയകൃഷ്ണൻ വാടകയ്ക് എടുത്ത ശേഷം തിരികെ നല്കാതിരുന്നതിനെ തുടർന്ന് രതീഷ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് റ്റി സുരേഷ് കുമാറിൻ്റെ നിർദ്ദേശാനുസരണം കേസ്സ് രജിസ്റ്റർ ചെയ്ത് അമ്പലപ്പുഴ സി ഐ  എസ് ദ്വിജേഷ് , എസ് ഐ ടോൾസൺ പി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലും തമിഴ്നാട്ടിലും നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിലെ ഉക്കടത്ത് നിന്നും പ്രതികളെ അറസ്റ്റ് പിടികൂടിയത്. ജയകൃഷ്ണനെ കൂടാതെ തൃശൂർ കുന്നംകുളം സ്വദേശി ഇലവന്തറ നടേശന്റെ മകൻ ശ്രീരഞ്ജിത്ത് (40) കോട്ടയം വാഴപ്പളളി സ്വദേശി പുതുപ്പറമ്പ് ദാസപ്പന്റെ മകൻ സന്ദീപ്(30) തൃശൂർ ചേലക്കര സ്വദേശി മങ്ങാട്ടഞ്ഞാലിൽ രാമകൃഷ്ണന്റെ മകൻ സജീഷ്(30)എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും കാണാതായ എർട്ടിഗ കാർ കൂടാതെ ഒരു  ഐ 20 കാറും ഹ്യൂണ്ടായ് ഇയോൺ കാറും കണ്ടെത്തിയിട്ടുണ്ട്. സിവിൽ പോലീസ് ഓഫീസർമാരായ വിനു കൃഷ്ണൻ, ദിലീഷ്, സുരാജ്, പ്രദീപ്, വിഷ്ണു,സുനിൽ, മനീഷ് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിലെ അംഗങ്ങളായ ഉല്ലാസ്,ഹരികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.