ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി; ജില്ലാ പോലീസ് മേധാവി.


കോട്ടയം:  ജില്ലയിൽ ലോക്ക് ഡൗൺ  നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ  പറഞ്ഞു.  ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൻറെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ പരിശോധന നടത്തി. ജില്ലയിൽ ലോക്ക് ഡൗൺ  നിയമങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി   മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുകയും സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവർക്കെതിരെ പിഴ ചുമത്തുകയും കോവിഡ്  മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാപാരം നടത്തിയ സ്ഥാപനങ്ങക്കെതിരെ  കർശന നിയമ നടപടികൾ സ്വീകരിക്കുകയും  ചെയ്തതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോട്ടയം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ 238 കേസുകൾ രജിസ്റ്റർ ചെയ്തു. 238 കേസുകളിലായി 234 പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ നിന്നും ഇന്നലെ 474 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. കോട്ടയം ഡി.വൈ.എസ്.പി.  ജെ. സന്തോഷ് കുമാറിനൊപ്പമായിരുന്നു  ജില്ലാ പോലീസ് മേധാവിയുടെ പരിശോധന.