കോട്ടയം ജില്ലയിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കും; വി എൻ വാസവൻ.


കോട്ടയം: ജില്ലയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റൽ പഠനോപകരണങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി രജിസ്‌ട്രേഷൻ- സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ കോട്ടയം കളക്ടറേറ്റില്‍ യോഗം ചേർന്നു.

തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും മുന്‍കൈ എടുത്ത് ഇതിനോടകം നിരവധി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ് ടോപ്പുകളും ലഭ്യമാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിന്‍റെ വിദ്യാതരംഗിണി വായ്പാ പദ്ധതിയില്‍ ജില്ലയില്‍ 2.5 കോടി രൂപയോളം നല്‍കിയതായും വി എൻ വാസവൻ പറഞ്ഞു.   

നിലവില്‍ ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പൊതു പഠന കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഒരു കുട്ടിയെ ഒരു യൂണിറ്റായി കണക്കാക്കുമ്പോള്‍ ജില്ലയിൽ ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെ 14834 വിദ്യാര്‍ഥികള്‍ക്ക്  ഓണ്‍ലൈന്‍ പഠനത്തിന് സമൂഹത്തിന്‍റെ പിന്തുണയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് നിലവില്‍ ഒരു വീട്ടില്‍  ഒരു ഫോണ്‍ ഉപയോഗിച്ചു പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ അവരില്‍ എല്ലാവര്‍ക്കും പഠനോപകരണങ്ങള്‍ നല്‍കണം.

പഠനോപകരണങ്ങള്‍ ലഭിക്കാനുള്ള വിദ്യാര്‍ഥികളുടെ കണക്ക് ഒരുവട്ടം കൂടി പരിശോധിച്ച് കൃത്യമാണോ എന്ന് ഉറപ്പാക്കണം. ഇതിന് എ.ഇ.ഒമാര്‍ സ്‌കൂള്‍ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്‍റുമാർ, വൈസ് പ്രസിഡന്‍റുമാര്‍, അതത് വാര്‍ഡ് അംഗങ്ങള്‍, ഹെഡ്മാസ്റ്റര്‍മാര്‍, പി.ടി.എ പ്രസിഡന്‍റുമാര്‍ എന്നിവരുടെ സഹകരണത്തോടെ നടപടി സ്വീകരിക്കണം എന്നും യോഗത്തിൽ പറഞ്ഞു.

പുനഃപരിശോധന സമയബന്ധിതമായി പൂര്‍ത്തീകരിച്ച് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണം. തുടര്‍ പ്രവര്‍ത്തനങ്ങളില്‍  എം.എല്‍.എമാരുടെ സഹകരണവും തേടാം. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണം എന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

അനുമതി ലഭിക്കുന്ന പക്ഷം ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നത്  പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാന രീതിയിലുള്ള പദ്ധതികളുടെ സാധ്യത ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പരിശോധിക്കണം. തദ്ദേശസ്ഥാപന തലത്തില്‍ സന്നദ്ധ സംഘടനകളുടെയും മറ്റും സഹകരണത്തോടെ സാധ്യമായ വിഭവ സമാഹരണത്തിനും ശ്രമം ഉണ്ടാകണം. സര്‍ക്കാരില്‍നിന്നും ഫണ്ട് ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം ജിനു പുന്നൂസ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അജയന്‍ കെ. മേനോന്‍, ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി. പ്രസീദ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുജയ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാണി ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, വിവിധ വകുപ്പ് മേധാവികള്‍, ഡി.ഇ.ഒമാര്‍, എ.ഇ.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.