മൊബൈൽ ഫോൺ നന്നാക്കാം, ഒപ്പം വിവിധ രാജ്യങ്ങളിലെ കറൻസി,നാണയ ശേഖരങ്ങളും കാണാം ഏറ്റുമാനൂർ സൈബർ സെൽഫോൺസിൽ.


ഏറ്റുമാനൂർ: നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗമായി മാറിയ മൊബൈൽ ഫോൺ ഒന്ന് കേടായാൽ അത് പരിഹരിക്കാൻ പിന്നീടേക്ക് മാറ്റി വെക്കാറില്ല നമ്മൾ. മൊബൈൽ ഫോൺ തകരാർ പരിഹരിക്കാനായി ഏറ്റുമാനൂർ എം സി റോഡിലെ സൈബർ സെൽഫോൺസിൽ എത്തുന്നവർക്ക് ഒരു മിനി മ്യുസിയത്തിൽ എത്തിയ അനുഭവമാണ് സമ്മാനിക്കുന്നത്.

ഏറ്റുമാനൂർ സ്വദേശി കണിയാപറമ്പിൽ കെ എം ഷംനാസി(35)ന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. വിവിധ രാജ്യങ്ങളിലെ നാണയങ്ങളും,കറൻസികളും, മുദ്രപ്പത്രങ്ങളും തുടങ്ങി വിവിധ ചരിത്ര ചിത്രങ്ങൾ വരച്ചു കാട്ടുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ഇടം കൂടിയാണ് ഈ മൊബൈൽ ഫോൺ സർവ്വീസ് സെന്റർ. വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ,കറൻസികൾ, മുദ്രപ്പത്രങ്ങൾ, പോസ്റ്റ് കാർഡുകൾ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

ഇന്നത്തെ തലമുറയ്ക്ക് വിലമതിക്കാനാവാത്ത അസുലഭമായ ചരിത്ര കാഴ്ച്ചകൾ സമ്മാനിക്കുകയാണ് ഈ വ്യാപാര സ്ഥാപനമായ മിനി മ്യുസിയം. തന്റെ പക്കലുള്ള ഈ അപൂർവ്വ ശേഖരം നിധി പോലെ കാത്തു സൂക്ഷിക്കുകയാണ് ഇദ്ദേഹം. 



മറ്റുള്ളവർക്കും കൂടി പ്രചോദനവും കാണാനും അവസരമൊരുക്കിക്കാൻ തന്നെ പ്രേരിപ്പിച്ചത് സുഹൃത്ത് സോജനാണ് എന്ന് ഷംനാസ് പറഞ്ഞു. തന്റെ സ്ഥാപനത്തിൽ തന്നെ ഈ അപൂർവ്വ ശേഖരം പ്രദർശനത്തിന് വെയ്ക്കുകയായിരുന്നു. വളരെ സുരക്ഷിതമായാണ് എല്ലാം കടയിൽ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. എം ഡി സെമിനാറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അഞ്ചാം ക്ലാസ്സ് മുതലാണ് ഇത്തരമൊരു ശേഖരണം ആരംഭിച്ചതെന്ന് ഷംനാസ് പറഞ്ഞു.

നിരവധിപ്പേർ തന്റെ ഈ താത്പര്യം തിരിച്ചറിഞ്ഞു വിവിധ നാണയങ്ങളും കറൻസികളും സമ്മാനമാണ് നൽകിയിട്ടുണ്ട്. ഏകദേശം 203 രാജ്യങ്ങളുടെ നാണയങ്ങളും കറൻസികളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. പഴയ നാട്ടുരാജ്യങ്ങളുടെ നാണയവും ഇതിൽ ഉൾപ്പെടുന്നുണ്ട്. വർഷങ്ങൾ പഴക്കമുള്ള മുദ്രപ്പത്രങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. അപൂർവ്വ ശേഖരം കാണാനെത്തുന്നവരുടെ സംശയങ്ങൾക്കുള്ള മറുപടിയും ഇദ്ദേഹം നൽകും.