കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 26 വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്താണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
കനത്ത മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ 26 വരെ യെല്ലോ അലേർട്ട്.