ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ പാലാ രൂപതാ മെത്രാൻ മാർ ജോദാഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റി. വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗ്ഗപ്രാപ്തിയുടെ എഴുപത്തിയഞ്ചാം വാർഷിക ദിനമെന്ന പ്രത്യേകതയും ഇത്തവണത്തെ തിരുനാളിനുണ്ട്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുനാൾ നടത്തുന്നത്. ഇന്ന് മുതൽ 28 വരെയാണ് തിരുനാൾ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ഭക്തർക്ക് തിരുനാളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ദേവാലയത്തിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈനായും തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും. തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 05:30,06:45,08:00,11:00 മണിക്കും ഉച്ചക്ക് ശേഷം 03:00,05:00 മണിക്കും വിശുദ്ധ കുര്ബാനയുണ്ടായിരിക്കുന്നതാണ്. 27 നു വൈകുന്നേരം 5 മണിക്ക് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്ബാനയർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്യും. പ്രധാന തിരുനാൾ ദിനമായ 28 നു രാവിലെ 11 മണിക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ റാസ അർപ്പിക്കും.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.