കോവിഡ് ഡി കാറ്റഗറി: എരുമേലി ഗ്രാമപഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


എരുമേലി: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഡി കാറ്റഗറിയായി റെഡ് സോണിലായ എരുമേലി ഗ്രാമപഞ്ചായത്തിൽ അടുത്ത 7 ദിവസത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിൽ ടി പി ആർ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, വ്യാപാരി സംഘടനാ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഇങ്ങനെ:

*ഓട്ടോ ടാക്സി ഡ്രൈവർമാർ രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആയിരിക്കണം.

*ഡി കാറ്റഗറി മേഖലയിൽ ഒഴിവാക്കാനാകാത്ത ആവശ്യങ്ങൾക്ക് മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു.

*യാത്ര ചെയ്യുന്നവർ കയ്യിൽ സത്യവാങ്മൂലം കരുതണം.

*അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ പ്രവർത്തനാനുമതി.

*തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആയിരിക്കണം.

*ബസുകളിൽ യാത്രക്കാരെ ഇരുത്തി മാത്രം യാത്ര അനുമതി.

*വരുന്ന ഒരാഴ്ച്ചത്തേക്ക് കുടുംബശ്രീ യോഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല.

*ഡി കാറ്റഗറിയിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഗ്രാമപഞ്ചായത്ത് പരിധിയിൽ ബാധകമാണ്. 

*ആശുപത്രിയിൽ പോകുന്നവർക്കും വാക്സിൻ എടുക്കുന്നതിനായി പോകുന്നതിനും തടസ്സമില്ല. 

*അവശ്യ സേവന അവശ്യ സർവ്വീസ് വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.