കോട്ടയം: കോവിഡ് രോഗവ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കിയത് വഴി കോവിഡ് പ്രതിരോധത്തിൽ മാതൃകയായി മാറിയിരിക്കുകയാണ് കല്ലറ ഗ്രാമപഞ്ചായത്ത്. ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകളെ വിഭാഗീകരിച്ചപ്പോൾ തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ച്ചയിലും ടി പി ആർ 5 ശതമാനത്തിൽ താഴെയായ ഗ്രീൻ സോണിലായ എ കാറ്റഗറിയിലാണ് കല്ലറ ഗ്രാമപഞ്ചായത്ത്.
ജില്ലയിലെ ടി പി ആർ നിരക്ക് പഠന വിധേയമാക്കുമ്പോൾ 32 പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുകയും 32 തദ്ദേശസ്ഥാപന മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറയുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. 13 തദ്ദേശസ്ഥാപന മേഖലകളില്‍ ടിപിആറില്‍ കാര്യമായ വ്യതിയാനമില്ല.
നിലവിൽ കോട്ടയം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു മുതൽ 10 ശതമാനം വരെയുള്ള ബി കാറ്റഗറിയില്‍ 32ഉം 10 മുതല്‍ 15 വരെയുള്ള സി കാറ്റഗറിയില്‍ 30ഉം മേഖലകളുണ്ട്. ടി.പി.ആര്‍ 15നു മുകളില്‍ നില്ക്കുന്ന അതിതീവ്ര രോഗവ്യാപനമുള്ള ഡി കാറ്റഗറിയില്‍ 11 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.