സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം നാളെ.


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളിൽ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കില്ല.

ഇക്കാരണത്താൽ നിയന്ത്രണങ്ങൾ തുടരാനാണ് വിദഗ്ധോപദേശം ലഭിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാവഹമല്ലെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതാള യോഗത്തിൽ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചുള്ള കാര്യത്തിൽ തീരുമാനമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,826 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,279 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,547 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

2018 പേരെയാണ് പുതുതായി ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ ഇന്നലത്തെ കണക്കുകൾ പ്രകാരം ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.