ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം: റെഡ് സോണിൽ ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകൾ.


കോട്ടയം: ജില്ലയിൽ വീണ്ടും ആശങ്കയുയർത്തി കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയായി റെഡ് സോണിൽ ജില്ലയിലെ 11 ഗ്രാമ പഞ്ചായത്തുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ജൂലൈ 27 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ കുറിച്ച, മറവന്തുരുത്ത്, പാറത്തോട്, പുതുപ്പള്ളി,കറുകച്ചാൽ, കുമരകം,ഉദയനാപുരം, മാഞ്ഞൂർ,കാണക്കാരി,കുറവിലങ്ങാട്, അയ്മനം എന്നീ ഗ്രാമപഞ്ചായത്തുകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം ജില്ലയിലെ മേഖലകൾ തിരിച്ചുള്ള ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ വിഭാഗീകരണം നടത്തിയപ്പോൾ കഴിഞ്ഞ ആഴ്ച്ച 8 തദ്ദേശ സ്ഥാപനങ്ങൾ മാത്രമായിരുന്നു റെഡ് സോണിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇന്നലെ വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ 11 തദ്ദേശ സ്ഥാപന മേഖലകളാണ് കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്കയറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദക്ഷിണ മേഖലാ ഐജി ഹർഷിത അത്തല്ലൂരിക്ക് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. കുറിച്ചി ഗ്രാമപഞ്ചായത്തിലാണ് രോഗവ്യാപനം കൂടുതലായി നിൽക്കുന്നത്. 24.31 ശതമാനമാണ് മേഖലയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ തവണയും കുറിച്ചി ഗ്രാമപഞ്ചായത്ത് റെഡ് സോണിൽ ഉൾപ്പെട്ടിരുന്നു.

ഗ്രീൻ സോണിൽ ഇത്തവണ 4 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണുള്ളത്. 62 തദ്ദേശ സ്ഥാപനങ്ങൾ ആണ് ഇത്തവണ നിയന്ത്രിത മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്നത്. 30 തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് തീവ്ര വ്യാപനമുള്ള ലോക്ക് ഡൗൺ മേഖലയായ സി കാറ്റഗറിയിലും 32 തദ്ദേശ സ്ഥാപനങ്ങൾ ബി കാറ്റഗറിയായി സെമി ലോക്ക് ഡൗൺ മേഖലയിലുമാണ്. നിയന്ത്രിത മേഖലകളുടെ എണ്ണം കൂടി വരുന്നത് ജില്ലയിലെ രോഗവ്യാപനത്തിന്റെ തോത് കൂടി വരുന്നതായാണ് കാണിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ന് ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിൽ മേഖലകൾ തിരിച്ചു ഇളവുകളും നിയന്ത്രണങ്ങളും ജില്ലാ കളക്ടർ പ്രഖ്യാപിക്കും.