പോസിറ്റിവിറ്റി ഏറ്റവും കുറവ് ; കോവിഡ് പ്രതിരോധത്തില്‍ തിളങ്ങി കല്ലറ പഞ്ചായത്ത്.


കോട്ടയം: കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയില്‍ തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും കല്ലറ ഗ്രാമപഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയില്‍. ജൂലൈ 21 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചയിലെ ശരാശരി കണക്കില്‍ പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള തദ്ദേശ സ്ഥാപന മേഖലയും കല്ലറയാണ്-2.38 ശതമാനം. 5.49, 3.58, 2.33, 1.08, 1.92, 3.33 എന്നിങ്ങനെയാണ് ജൂണ്‍ 16 മുതല്‍ കഴിഞ്ഞയാഴ്ച്ച വരെയുള്ള ഇവിടുത്തെ പോസിറ്റിവിറ്റി.

ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ച്ച ഇവിടെ പരിശോധനയ്ക്ക് വിധേയരായ 588 പേരില്‍ 14 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കാലയവളില്‍ പരിശോധനയ്ക്ക് വിധേയരായവരുടെ എണ്ണത്തില്‍ പഞ്ചായത്ത് 38-ാം സ്ഥാനത്താണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രതിരോധത്തിനും രോഗചികിത്സയ്ക്കും ബോധവത്കരണത്തിനുമായി നടത്തിവരുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഹകരണവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.

ജനപ്രതിനിധികളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡ് തല ജാഗ്രതാ സംവിധാനമാണ് കല്ലറയുടെ പ്രതിരോധത്തിന് കരുത്തേകുന്നത്.  അഞ്ച് വീതം വളണ്ടിയര്‍മാരാണ് ഓരോ വാര്‍ഡിലുമുള്ളത്. രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കിയത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങൾ  എല്ലാ വീടുകളിലും എത്തിക്കുന്നതിന് പഞ്ചായത്ത് അംഗങ്ങള്‍തന്നെ മുന്‍കൈ എടുത്തു.  ബോധവത്കരണ വീഡിയോ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വ്യാപാരികളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് രോഗ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി.

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളും വ്യാപാരികളും തയ്യാറായതിന് ഫലമുണ്ടായി.  ജനപ്രതിനിധികള്‍ക്കൊപ്പം  പഞ്ചായത്ത് ജീവനക്കാരും  പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പഞ്ചായത്തില്‍ ജാഗ്രതയോടെ സേവനമനുഷ്ഠിക്കുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച  അധ്യാപകര്‍ക്കു പുറമേ പ്രതിരോധ നടപടികള്‍ക്കായി കല്ലറ ഹൈസ്‌കൂളിലെ അധ്യാപകരുടെ സേവനവും ലഭ്യമാക്കി. സെക്ടറല്‍ ഓഫീസര്‍മാരുടെയും ജനമൈത്രീ പോലീസിന്റെയും കര്‍ശന പരിശോധനയും ഇടപെടലും  ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് സഹായകമായി. രോഗികള്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവർക്കും  പരിചരണ സൗകര്യവും ഭക്ഷണവും ചികിത്സയും ഉറപ്പാക്കാനായി. പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള പഞ്ചായത്താണെങ്കിലും രോഗവ്യാപനം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രോഗപരിശോധനയും വാക്‌സിനേഷനും ചിട്ടയായി നടന്നുവരുന്നു. 18 വയസിനു മുകളിലുള്ള 60 ശതമാനത്തിലധികം പേരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതായും പ്രസിഡന്‍റ് പറഞ്ഞു.