കോട്ടയം: കോവിഡ് മഹാമാരിക്കെതിരായ ജാഗ്രത തുടരണമെന്നും ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനുമായ ഡോ. പി കെ ജയശ്രീ പറഞ്ഞു. ചെറിയ അശ്രദ്ധ പോലെയും വലിയ രോഗവ്യാപനത്തിനു ഇടയാക്കും.
നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമ്പോഴും അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് രോഗബാധ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന് കാര്യം വിസ്മരിക്കരുതെന്നു ജില്ലാ കളക്ടർ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുകയും പൊതുസ്ഥലങ്ങളിൽ മാസ്ക് കൃത്യമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയാണ് പ്രതിരോധ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കുന്നതിലൂടെ സാധ്യമാകുന്നത്.
പൊതുസ്ഥലങ്ങളിൽ അനാവശ്യ സ്പര്ശനങ്ങൾ ഒഴിവാക്കുകയും കൈകൾ സാനിട്ടയ്സ് ചെയ്യുകുകയും വേണം. മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോൾ എൻ 95 മാസ്ക് ഉപയോഗിക്കുകയോ ഡബിൾ മാസ്ക് ഉപയോഗിക്കുകയോ ചെയ്യണം. മാറ്റി വെയ്ക്കാവുന്ന ആഘോഷങ്ങളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ജീവന്റെ വിലയുള്ള ജാഗ്രതയിലൂടെ മാത്രമേ നമുക്ക് കോവിഡിനെ മറികടക്കാനാകൂ എന്ന് കളക്ടർ പറഞ്ഞു.