കോവിഡ്: റെഡ് സോൺ മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ, നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.


കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ റെഡ് സോനായ ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപന മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ തദ്ദേശ സ്ഥാപന മേഖലകളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചു. ജില്ലയിൽ മണിമല,ഈരാറ്റുപേട്ട, കൂരോപ്പട,കുറിച്ചി,പായിപ്പാട്, വിജയപുരം,എരുമേലി,ചെമ്പ് എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് റെഡ് സോൺ മേഖലയിലുള്ളത്.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള കോവിഡ് അതിതീവ്ര വ്യാപന മേഖലയിലുള്ള തദ്ദേശ സ്വയംഭരണങ്ങളാണ് ഇവയെല്ലാം. എരുമേലി,മണിമല ഗ്രാമപഞ്ചായത്തുകളിൽ നിയന്ത്രണം കൂടുതൽ കർശനമാക്കി. ഈരാറ്റുപേട്ട നഗരസഭയിലും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. റെഡ് സോൺ മേഖലകളിൽ ഒഴിവാക്കാനാകാത്ത അവശ്യ സന്ദർഭങ്ങളിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു. യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്നു പ്രവര്‍ത്തിക്കാം. ഈ മേഖലകളിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. റെഡ് സോൺ മേഖലകളിലെ പോലീസ് സ്റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന റെഡ് സോണിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188,169 എന്നീ വകുപ്പുകള്‍ പ്രകാരവും ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരവും നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.