കോവിഡ് റെഡ് സോൺ: ഈരാറ്റുപേട്ട നഗരസഭയിൽ കർശന നിയന്ത്രണങ്ങൾ.


ഈരാറ്റുപേട്ട: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന മേഖലകൾ തിരിച്ചപ്പോൾ കോവിഡ് അതിതീവ്ര വ്യാപന മേഖലയായ കാറ്റഗറി ഡി യിൽ ഉൾപ്പെട്ടിരിക്കുന്ന റെഡ് സോൺ മേഖലയായ ഈരാറ്റുപേട്ട നഗരസഭയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ പറഞ്ഞു.

ഇന്ന് ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സംയുക്ത യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ, നഗരസഭാ വൈസ് ചെയർമാൻ, മറ്റ് വാർഡ് കൗൺസിലർമാർ, മഹല്ല് പ്രസിഡണ്ടുമാർ, മറ്റ് ആരാധനാലയങ്ങളിലെ ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. 

നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഇങ്ങനെ:

*നിത്യോപയോഗ സാധങ്ങൾ ഉൾപ്പടെ മറ്റ് സ്ഥാപനങ്ങൾ നടത്തുന്നവരും ജീവനക്കാരും നാളെ മുതൽ ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.

*നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവരുടെ കൈവശം സത്യവാങ്ങ്മൂലവും ആന്റിജൻ അല്ലെങ്കിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

*നഗരസഭക്കകത്തും പുറത്തേക്കും യാത്ര ചെയ്യേണ്ടവരും വാഹന ഡ്രൈവർ മാരും ആന്റിജൻ അല്ലെങ്കിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും സത്യവാങ്ങ്മൂലവും കയ്യിൽ കരുതണം.

*15 ദിവസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ എടുക്കുന്നത് വരെയും ആന്റിജൻ /ആർ ടി പി സി ആർ ടെസ്റ്റുകൾ ചെയ്യുവാൻ ജനങ്ങളിൽ ബോധവൽകരണം നടത്തുവാൻ പോലീസ്,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും മേൽനോട്ടത്തിൽ ആശാവർക്കർമാരെയും ആർ ആർ ടി അംഗങ്ങളേയും ഉൾപ്പെടുത്തി ഡിവിഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തങ്ങൾ നടത്തുവാൻ തീരുമാനിച്ചു.

*പോലീസ്ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂടുതൽ ജാഗ്രത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വരും ദിവസങ്ങളിൽ ഉറപ്പാക്കാനും ഇന്ന് ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനിച്ചു.

*രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ കയ്യിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കരുതിയാൽ മതി.