കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്താനായി കേന്ദ്ര സംഘം കേരളത്തിലെത്തി.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് കേന്ദ്ര നിലപാട്.

ടി പി ആർ 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളിൽ യാതൊരു തരത്തിലുള്ള ഇളവുകളും നൽകാൻ പാടില്ല എന്നും ഇളവുകൾ രോഗ്യ വ്യാപനത്തിന് കാരണമാകുമെന്നുമാണ് കേന്ദ്ര നിലപാട്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി സംസ്ഥാന സർക്കാരിന് ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ ഡയറക്ടര്‍ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് എത്തി. സംഘം നാളെ കോട്ടയം ജില്ലയിൽ സന്ദർശനം നടത്തും. അതേസമയം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് കേരളമടക്കമുള്ള രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള ജില്ലകളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കൂടിച്ചേരലുകൾ അനുവദിക്കരുത് എന്നും യോഗം നിർദ്ദേശിച്ചു. നിലവിൽ കോട്ടയം ഉൾപ്പടെ 10 ജില്ലകളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, തിരുവനന്തപുരം എന്നീ ജില്ലകൾ കേന്ദ്ര സംഘം സന്ദർശിക്കും. 2 സംഘങ്ങളായി തിരിഞ്ഞാണ് ജില്ലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. കോട്ടയം ജില്ലയിൽ കേന്ദ്ര സംഘം ഞായറാഴ്ച്ച സന്ദർശനം നടത്തും. ആരോഗ്യ വകുപ്പ് അധികൃതരുമായും ആരോഗ്യ വിദഗ്ധരുമായും സംഘം കൂടിക്കാഴ്ച്ച നടത്തും.