കോട്ടയം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകൾ കോവിഡ് അതിതീവ്ര വ്യാപന മേഖലയിൽ.


കോട്ടയം: കോവിഡ് അതിതീവ്ര വ്യാപന മേഖലയായ റെഡ് സോണിൽ കോട്ടയം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദിനാന്ത നിവാരണ അതോറിട്ടി യോഗത്തിൽ മേഖലകൾ പുനഃക്രമീകരിച്ചു. 

ഉദയനാപുരം(15.28)

അതിരമ്പുഴ(15.37)

മീനടം(15.69)

കോരുത്തോട്(16.25)

കടപ്ലാമറ്റം(16.36)

പൂഞ്ഞാര്‍(17.01)

എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് കോവിഡ് ടി പി ആർ നിരക്ക് 15 ശതമാനത്തിനു മുകളിൽ നിൽക്കുന്നത്. കഴിഞ്ഞ തവണ ടി പി ആർ 15 ശതമാനത്തിനു മുകളിലുള്ള 4 ഗ്രാമപഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഈ മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു. 

ഡി കാറ്റഗറി മേഖലയില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ട കേന്ദ്ര,സംസ്ഥാന,സ്വയംഭരണ സ്ഥാപനങ്ങള്‍ , കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഓഫീസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാം.

2.അടിയന്തര അവശ്യ സേവനങ്ങളില്‍ പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും  മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം

3.അവശ്യസാധന (പലചരക്ക്) വില്‍പ്പന ശാലകള്‍, പഴം പച്ചക്കറി കടകള്‍, പാല്‍ ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ളു ഷാപ്പുകള്‍, മത്സ്യ മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. ഇത്തരം സ്ഥാപനങ്ങളില്‍

കഴിവതും ഹോം ഡെലിവറി പ്രോത്സാഹിക്കണം. മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക്  പ്രവര്‍ത്തനാനുമതി ഇല്ല.

4. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം. ജൂലൈ 17ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് അവധി ദിവസമായിരിക്കും.

5.ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.

6.ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്കു വാഹനങ്ങള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടേയ്ക്കുള്ള സ്വകാര്യ-പൊതു യാത്രാ വാഹനങ്ങള്‍ എന്നിവ മതിയായ യാത്രാ രേഖകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി അനുവദിക്കും.

7.രോഗികള്‍ അവരുടെ സഹായികള്‍, വാക്സിനേഷന് പോകുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

8.കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി അനുവദനീയമാണ്.

9.ലോക്ക് ഡൗണ്‍ കാലയളവില്‍ അനുവദനീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൈറ്റ് എന്‍ജിനീയര്‍മാര്‍/ സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ അതത് സ്ഥാപനങ്ങള്‍ നല്‍കിയ അനുമതി പത്രമോ ഉപയോഗിച്ച് ജോലി സ്ഥലത്തേക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യാം. ഈ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എസ്.എച്ച്.ഒ. യുടെ അനുമതി വാങ്ങണം. ഡി കാറ്റഗറിയില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് റൂം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും. നിയന്ത്രണങ്ങള്‍  കൃത്യമായി  പാലിക്കാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യന്‍ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകള്‍, ദുരന്തനിവാരണ നിയമം 2005  എന്നിവ  പ്രകാരം നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെയും  ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.