കോവിഡ്: ടി പി ആർ 5 ശതമാനത്തിൽ താഴെ, 9 ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ ഇളവുകൾ.


കോട്ടയം: കോട്ടയം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഇളവുകളും നിയന്ത്രണങ്ങളും പുനഃക്രമീകരിച്ചു ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി. ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 9 ഗ്രാമപഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. ഈ മേഖലകളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും. കോട്ടയം ജില്ലയിലെ കല്ലറ,വെളിയന്നൂര്‍,കൂട്ടിക്കല്‍, തലയാഴം,കുറവിലങ്ങാട്,വെള്ളാവൂര്‍,മീനച്ചില്‍, വെച്ചൂര്‍,എലിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളാണ് ടി പി ആർ 5 ശതമാനത്തിൽ താഴെയുള്ള ഗ്രീൻ സോണിലായ എ കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ 18 തദ്ദേശ സ്ഥാപന മേഖലകളാണ് ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ആരോഗ്യ വകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം ഇത്തവണ 9 ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് ഗ്രീൻ സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലയിൽ കോവിഡ് രോഗബാധയുടെ തോത് ഉയരുന്നതായാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. 

എ കാറ്റഗറി മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍:

1.പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 100 ശതമാനം ജീവനക്കാരെ  നിയോഗിച്ച് പ്രവര്‍ത്തിക്കാം. 

2. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ചു ദിവസം പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്.ജൂലൈ 17ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ് ആക്ട് പ്രകാരം ബാങ്കുകള്‍ക്ക് അവധി ദിവസമായിരിക്കും.

3. ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.

4.അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും  രാവിലെ ഏഴു മുതല്‍ വൈകുന്നേരം എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.

5.ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

6.ബാറുകളിലും ബിവറേജ് ഔട്ട്ലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്. 

7.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത,  സായാഹ്ന സവാരികളും അനുവദനീയമാണ്.

8. ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാള്‍ ആയിരിക്കണം.

9. കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിനോദ സഞ്ചാര മേഖലയിലെ താമസ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. വാക്സിന്‍ ഒരു ഡോസ് എങ്കിലും എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കും മാത്രമായിരിക്കും പ്രവേശനം.

10.ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. 

11. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം എട്ടു വരെ ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാം.

12.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.