18 വയസ്സിനു മുകളിലുള്ള 43 ശതമാനം പേർക്ക് വാക്സിൻ നൽകി; മുഖ്യമന്ത്രി.


തിരുവനന്തപുരം: 18 വയസ്സിനു മുകളിൽ ഉള്ള 43 ശതമാനം ആളുകൾക്ക് സംസ്ഥാനത്ത് ഇതിനകം ഒരു ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 12 ശതമാനം ആളുകൾക്കു രണ്ടാമത്തെ ഡോസ് വാക്സിനും നൽകി. ഏറ്റവും വേഗത്തിൽ വാക്സിനേഷൻ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിൽ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്സിൻ വിതരണം ചെയ്യുന്നതിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ നാം മുൻപന്തിയിലാണ്. ഇക്കാര്യത്തിൽ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. ഇപ്പോൾ സ്വകാര്യ ആശുപത്രികൾ വഴിയും വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്. കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾക്ക് പുറമേ റഷ്യയുടെ സ്പുട്ട്നിക്ക് വാക്സിനും ചില ആശുപത്രികൾ നൽകിവരുന്നു. അധികം വൈകാതെ ഇന്ത്യൻ അമേരിക്കൻ കമ്പനികളുടെ മറ്റ് വാക്സിനുകളും ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിന് മുകളിൽ 70 ശതമാനമെങ്കിലും വാക്സിൻ നൽകിയാലേ ഹേർഡ് ഇമ്യൂണിറ്റി കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധർ പറയുന്നത്. വാക്സിനേഷൻ എടുക്കാതെ രോഗം വന്ന് മാറിയവരുടെ കണക്ക് കുടി എടുത്താൽ 60 ശതമാനം പേരെങ്കിലും ഇപ്പോൾ ഹേഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 15 ശതമാനം പേർക്ക് കൂടി വാക്സിനേഷൻ എത്രയും പെട്ടെന്ന് നൽകാനുള്ള നടപടി എടുക്കും. എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആർജിക്കുക എന്നതല്ല, മറിച്ചു വാക്സിൻ ലഭ്യമാകുന്നത് വരെ രോഗം പരമാവധി ആളുകൾക്ക് വരാതെ നോക്കി മരണങ്ങൾ കഴിയുന്നത്ര തടയുക എന്ന നയമാണ് നാം പിന്തുടർന്നത്. നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ് ഓൺ ഇമ്മ്യൂണൈസേഷന്റെ ശുപാർശ പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ എടുക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ഗർഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാൽ കുഞ്ഞിനു പൂർണവളർച്ചയെത്തുന്നതിനു മുൻപ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന സൂചന. അതിനു പുറമേ ഗർഭിണികൾ കോവിഡ് ബാധിതരായാൽ ഐസിയു വെൻറിലേറ്റർ സൗകര്യങ്ങൾ നൽകേണ്ടതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട്, വാക്സിൻ സ്വീകരിക്കാനുള്ള അനുമതി ലഭിച്ച പുതിയ സാഹചര്യത്തിൽ ഗർഭിണികൾ വാക്സിൻ എടുക്കുന്നതിന് തയ്യാറാകണം. വാക്സിൻ നൽകുന്നതിനുള്ള മാർഗരേഖ ഉടനെ പ്രസിദ്ധപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 43 ശതമാനം പേർക്കാണ് (1,14,54,325) (കഴിഞ്ഞദിവസത്തെ കണക്ക്) ആദ്യഡോസ് വാക്സിൻ നൽകിയത്. 16.49 ശതമാനം പേർക്ക് (39,58,115) രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,54,12,440 പേർക്കാണ് വാക്സിൻ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷൻ രജിസ്ട്രേഷനായി ‘വേവ്’ (വാക്സിൻ സമത്വത്തിനായി മുന്നേറാം) എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചു. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരെ വാക്സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതി. ആശാവർക്കർമാരുടെ സേവനം ഉപയോഗിച്ചാണ് ക്യാമ്പയിൻ. വാർഡ് തലത്തിലായിരിക്കും രജിസ്ട്രേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.