സൂപ്പർ ഹിറ്റായി കീർത്തിയുടെ തീം കേക്ക്!


എരുമേലി: തീം കേക്കുകളിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ് എരുമേലി സ്വദേശിനിയായ കീർത്തി നിവാസിൽ കീർത്തി നായരുടെ കേക്കുകൾ. ഏറെ ജീവനായിരുന്നു കേക്കുകളുടെ രുചി ലോകത്ത് പുത്തൻ പരീക്ഷണമായിരുന്നു കീർത്തിയുടേത്. 10 വർഷത്തിലധികമായി ഹോം മെയ്ഡ് കേക്കുകൾ നിർമ്മിച്ചിരുന്ന കീർത്തി തീം കേക്കിലേക്ക് കടന്നതോടെയാണ് ജീവിതം മാറ്റി മറിച്ച തീം ഹിറ്റുകൾക്ക് ഉടമയായി മാറിയത്.

എരുമേലി കീർത്തി നിവാസിൽ എസ്.ഭാസ്‌ക്കരൻ നായരുടെയും സുഷമാദേവിയുടെയും മകളും അഭിലാഷിന്റെ ഭാര്യയുമായ കീർത്തി നേഴ്‌സിങ് പഠന ശേഷം ചെന്നൈയിൽ ജോലി ചെയ്യുകയായിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ക് ഡൗണിൽ ചെന്നൈയിലെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്ക് എത്തിയതായിരുന്നു. നാട്ടിലെത്തിയതോടെ ഗൃഹാതുര സ്മരണകളുണർത്തി വിവിധ രുചി വൈവിധ്യങ്ങൾക്ക് പിന്നാലെയും കാഴ്ച്ചകൾക്ക് പിന്നാലെയുമായി മനസ്സും ചിന്തയും. ഏറ്റവും ഇഷ്ടം പാചകം ചെയ്യാനും വിവിധ രുചി വൈവിധ്യങ്ങൾ പരീക്ഷിക്കാനുമാണെന്നു കീർത്തി പറയുന്നു.

തീം കേക്കുകൾക്ക് എറണാകുളം,തിരുവനന്തപുരം തുടങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഓഡറുകൾ ലഭിക്കുന്നുണ്ട്. ഉപഭോക്താവിന്റെ മനസിലെ ആശയമനുസരിച്ച് അവരുടെ ആഗ്രഹമനുസരിച്ച് കേക്കുകൾ നിർമ്മിച്ചു നൽകുകയാണ് കീർത്തി. തീം കേക്കുകൾക്ക് ഓഡറുകൾ കൂടുതലായി ലഭിക്കാറുണ്ടെന്നു കീർത്തി പറഞ്ഞു. ജന്മദിന കേക്കുകൾ,വിവാഹ വാർഷികം, വിവിധ ആഘോഷങ്ങൾ തുടങ്ങി വിവിധ തീമുകളിൽ കീർത്തി കേക്കുകൾ നിർമ്മിച്ചു നൽകും. ഇപ്പോൾ എറണാകുളത്ത് താമസിക്കുന്ന കീർത്തിയും അഭിലാഷും ഇടപ്പള്ളി പള്ളിയോടു ചേർന്ന് ഒരു കേക്ക് ഷോപ്പ് ആരംഭിച്ചിട്ടുണ്ട്. കേക്കിനൊപ്പം ബണ്ണിലും പുത്തൻ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നു കീർത്തി. കഠിനാധ്വാനത്തിനുള്ള മനസ്സുണ്ടെങ്കിൽ വിജയം ഉറപ്പാണെന്ന് കീർത്തി സാക്ഷ്യപ്പെടുത്തുന്നു.