കോട്ടയം: കോട്ടയത്തിന്റെ പുതിയ ജില്ലാ കലക്ടറായി ഡോ. പി കെ ജയശ്രീ സ്ഥാനമേൽക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കലക്ടർമാരെ മാറ്റി നിയമിച്ചിട്ടുണ്ട്. നിലവിൽ പഞ്ചായത്ത് വകുപ്പ് ഡയറക്ടറാണ് ഡോ. ജയശ്രീ. നിലവിലെ കോട്ടയം ജില്ലാ കളക്ടറായ എം അഞ്ജന പൊതുഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറാകും. ഒപ്പം സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസറുടെ അധിക ചുമതലയും എം അഞ്ജന വഹിക്കും.
തൃശൂർ സ്വദേശിനിയായ ഡോ. ജയശ്രീ 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാസര്‍കോട് റവന്യു വകുപ്പില്‍ ഡപ്യൂട്ടി കളക്ടറായും തൃശൂരില്‍ ഡെപ്യൂട്ടി കളക്ടറായും ഡോ. ജയശ്രീ സേവനമനുഷ്ടിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ജയശ്രീ കോട്ടയത്തിന്റെ 47 മത് ജില്ലാ കലക്ടറായാണ് ചുമതലയേൽക്കുന്നത്.
മികച്ച ഡെപ്യൂട്ടി കളക്ടറെന്ന ബഹുമതി കാസര്‍കോട്ടെയും തൃശൂരിലെയും സേവനത്തിനു ജയശ്രീയെ തേടി എത്തിയിട്ടുണ്ട്. സി വി രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. ആരതി, അപര്‍ണ്ണ.